ധരംശാല (ഹിമാചൽപ്രദേശ്): തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും തർക്കങ്ങൾക്കും താത്‌കാലിക വിരാമമിട്ട് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. 90-ാം ജന്മദിനാഘോഷം ഞായറാഴ്ച നടക്കാനിരിക്കേ, ഇനി 30-40 കൊല്ലംകൂടി ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദലൈ ലാമ അഭിപ്രായപ്പെട്ടു. നവതി ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ദീർഘായുസ്സിനുവേണ്ടിയുള്ള പ്രാർഥനാവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹിമാചൽപ്രദേശിലെ ധരംശാലയിൽ മക്ലിയോഡ്ഗഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്. “ദീർഘായുസ്സിനായി അവലോകിതേശ്വരന്റെ അനുഗ്രഹം ലഭിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിവിന്റെ പരമാവധികാര്യങ്ങൾ ഇതിനകം ചെയ്തുകഴിഞ്ഞു. ഇനിയും 30-40 കൊല്ലംകൂടി ജീവിച്ചിരിക്കുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ പ്രാർഥനകൾ ഫലവത്താകട്ടെ” -ദലൈലാമ പറഞ്ഞു.ടിബറ്റൻ ബുദ്ധമതത്തിലെ 14-ാം ദലൈലാമയുടെ പൂർവാശ്രമത്തിലെ പേര് ടെൻസിൻ ഗ്യാസ്റ്റോ എന്നായിരുന്നു. പിൻഗാമിയുണ്ടാകുമോയെന്നത് കുറച്ചുകാലമായി ചൂടുള്ള ചർച്ചയാണ്. ജന്മദിനാഘോഷം തുടങ്ങിയപ്പോൾ ദലൈലാമ പാരമ്പര്യം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
ദലൈലാമ തിരഞ്ഞെടുപ്പിന് സർക്കാരിന്റെ അനുമതിവേണമെന്ന് ചൈനീസ് ഭരണകൂടം പ്രതികരിച്ചതോടെ ചർച്ച ചൂടുപിടിച്ചു. ടിബറ്റൻസമൂഹത്തിന്റെ ധരംശാലയിലെ പ്രവാസിസർക്കാരിനാണ് പുതിയ ദലൈലാമയെ പ്രഖ്യാപിക്കാൻ അധികാരമെന്നും അതിൽ മറ്റാരും ഇടപെടേണ്ടതില്ലെന്നും ദലൈലാമ മറുപടി നൽകി.
90-ാം ജന്മദിനമായ ഞായറാഴ്ച ദലൈലാമയുടെ ദീർഘായുസ്സിനുവേണ്ടി പ്രാർഥന നടക്കും. പ്രത്യേക ഗുരുപൂജയുണ്ടാകും. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻസിങ്, അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മുഖ്യന്ത്രി പ്രേം സിങ് തമാങ്, ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർ തുടങ്ങിയവർ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.