കോഴിക്കോട് : മായനാട് നിന്നു കാണാതായ ശേഷം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി കേസിൽ പൊലീസ് അന്വേഷിക്കുന്ന മുഖ്യപ്രതി നൗഷാദ്. സൗദിയിൽ നിന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് നൗഷാദിന്റെ വെളിപ്പെടുത്തൽ. രണ്ടുമാസത്തെ വിസ്റ്റിങ് വീസയിലാണ് ഗൾഫിലെത്തിയതെന്നും പൊലീസിനു മുന്നിൽ ഹാജരാകുമെന്നും നൗഷാദ് വിഡിയോയിൽ പറയുന്നു. മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെടുന്നുണ്ട്.
‘‘തനിക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതോളം പേർക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിൽനിന്നു പൈസ കിട്ടാൻ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെൻറ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പൊലീസിന്റെ കൈവശമുണ്ട്. എന്നാൽ ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.ഹേമചന്ദ്രൻ മനഃപൂർവം ആത്മഹത്യ ചെയ്യാൻ തന്നെ വന്നതാണ്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹേമചന്ദ്രൻ താമസിച്ചത്. ആവശ്യമെങ്കിൽ അയാൾക്ക് പോകാമായിരുന്നു. വീട്ടിൽ ആക്കിയപ്പോഴും പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേർന്ന് കുഴിച്ചിട്ടത്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്. അല്ലാതെ മർദിച്ചു കൊലപ്പെടുത്തിയെന്നു പറയുന്നതെല്ലാം തെറ്റാണ്. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയാറാണ്. എന്നാൽ ചെയ്യാത്ത തെറ്റിന് ജയിൽ കിടക്കാൻ തയാറല്ല’’ – നൗഷാദ് വിഡിയോയിൽ പറയുന്നു.
മെഡിക്കൽ കോളജിന് സമീപം മായനാട്ടുനിന്ന് 2024 മാർച്ച് 20 നാണ് ബത്തേരി പുറാല വിനോദ് ഭവനിൽ ഹേമചന്ദ്രനെ (54) കാണാതായത്. തമിഴ്നാട് ചേരമ്പാടിയിൽ വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ ഇക്കഴിഞ്ഞ ജൂൺ 28 നാണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നതെന്നതിനാൽ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലായിരുന്നു. നാലടി താഴ്ചയിൽ നിന്നാണ് മൃതദേഹം കിട്ടിയത്. സംഭവത്തിൽ ബത്തേരി നെന്മേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ (35), വെള്ളപ്പന വള്ളുവാടി കിടങ്ങനാട് സ്വദേശി ബി.എസ്. അജേഷ് (അപ്പു – 27) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.∙ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
അതേസമയം, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണത്തിനു മുൻപ് മർദനമേറ്റ അടയാളങ്ങളും മൃതദേഹത്തിൽ ഉണ്ടെന്ന് ഈ റിപ്പോർട്ടിൽ സൂചനയുണ്ട്്. ബത്തേരിക്കടുത്ത് ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചതിനിടെ ഹേമചന്ദ്രന് ക്രൂരമായ മർദനമേറ്റെന്നാണ് പൊലീസ് നിഗമനം.
ഹേമചന്ദ്രന്റെ രണ്ടു മൊബൈൽ ഫോണുകൾ ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. മൈസൂരു ലളിത സാന്ദ്രപുരിയിൽ റോഡിൽ നിന്ന് കാടുകൾക്കുള്ളിൽ പാറയുടെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഈ ഫോണുകൾ പൊലീസ് പിടിയിലായ പ്രതി അജേഷാണ് പൊലീസിനു കൈമാറിയത്. രണ്ടു ഫോണുകളും സിം ഊരിമാറ്റിയ ശേഷമായിരുന്നു ഇവിടെ ഒളിപ്പിച്ചത്. ഹേമചന്ദ്രൻ 14 സിം ഉപയോഗിച്ചതായി കണ്ടെത്തിയെങ്കിലും രണ്ടു സിം മാത്രമാണ് പൊലീസിന് ഇതുവരെ കണ്ടെത്താനായത്. എസിപി എ.ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ.ജിജീഷിനാണ് കേസിന്റെ അന്വേഷണ ചുമതല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.