കാളികാവ് : അടയ്ക്കാക്കുണ്ടിലെ കടുവാദൗത്യം സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യംകൂടിയ വന്യജീവിദൗത്യമായി മാറി. 53 ദിവസത്തെ ദൗത്യത്തിന് ശേഷമാണ് കടുവ കെണിയിലായത്. 44 ദിവസം നീണ്ടുനിന്ന വയനാട്ടിലെ കടുവാദൗത്യത്തെയാണ് കാളികാവ് ദൗത്യം മറികടന്നത്. തോട്ടംതൊഴിലാളി ഗഫൂര്‍ അലിയെ കടുവപിടിച്ച മേയ് 15-നാണ് ദൗത്യം തുടങ്ങിയത്. അനുഭവസമ്പത്തുള്ള വയനാട് ആര്‍ആര്‍ടിയിലെ 17 അംഗങ്ങളും നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനിലെ ആര്‍ആര്‍ടി അംഗങ്ങളും വനപാലകരും ദൗത്യത്തിന്റെ ഭാഗമായി. ഒരുദിവസംപോലും അവധിയില്ലാതെയാണ് തിരച്ചിലിന് നിയോഗിച്ച സംഘം ദൗത്യമുഖത്ത് ഉറച്ചുനിന്നത്. രണ്ടുതവണ സംഘം കുടുവയെ നേരിട്ട് കണ്ടു.
മയക്കുവെടി സംഘം കൂടെ ഇല്ലാത്തതിനാല്‍ ഒരുതവണ കടുവ നേര്‍ക്കുനേരേ വന്നപ്പോള്‍ വനപാലകര്‍ മരത്തില്‍ക്കയറി രക്ഷപ്പെട്ടു. മറ്റൊരു തവണ അടുത്തെത്തിയ കടുവയെ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ച് പിന്തിരിപ്പിച്ചു. മലപ്പുറം, വയനാട് സംഘത്തിലെ 70 പേര് വീതം ദിവസവും ദൗത്യത്തില്‍ ഏര്‍പ്പെട്ടു. 15 ദിവസം അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഘം ക്യാമ്പ് ചെയ്തത്.സ്കൂള്‍ തുറന്നതോടെ സംഘം അടയ്ക്കാക്കുണ്ടിലെ ഒരു വീട്ടിലേക്ക് ക്യാമ്പ് മാറ്റി. 70 പേരടങ്ങിയ സംഘത്തിന് ഒരുമിച്ച് ഭക്ഷണമൊരുക്കി നല്കി. വയനാട്ടില്‍ നിന്നെത്തിയ ആര്‍ആര്‍ടി അംഗങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല.കരുവാരക്കുണ്ട് : കാളികാവ്, കരുവാരക്കുണ്ട് മലവാരത്ത് വേറേയും കടുവകളുണ്ടെന്ന് നാട്ടുകാര്‍. സുല്‍ത്താന എസ്റ്റേറ്റില്‍ കെണിയില്‍ അകപ്പെട്ടത് പ്രായംചെന്ന അവശനിലയിലുള്ള കടുവയാണ്.
വളര്‍ത്തുമൃഗങ്ങളെയടക്കം പിടിക്കുന്ന ശക്തനായ കടുവ മലവാരത്ത് വേറേയുണ്ടെന്നാണ് നാട്ടുകാര്‍ വാദിക്കുന്നത്.
വെള്ളിയാഴ്ച സുല്‍ത്താന എസ്റ്റേറ്റിനോടു ചേര്‍ന്നുള്ള പുറ്റള ആദിവാസി നഗറില്‍ കണ്ട കടുവയാണ് കെണിയില്‍ അകപ്പെട്ടത്.
അവശതകൊണ്ട് അരമണിക്കൂറിലേറെ കടുവ പുറ്റള ആദിവാസി നഗറില്‍ നിന്നശേഷമാണ് തോട്ടത്തിലേക്കു നീങ്ങിയത്. ഒരുവര്‍ഷം മുന്‍പ് കുണ്ടോട ഭാഗത്ത് കടുവയെയും രണ്ടു കുട്ടികളെയും പ്രദേശവാസികള്‍ നേരിട്ടു കണ്ടിട്ടുണ്ട്.
പുലിയുടെ കൂട്ടം വേറേയുമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കേരള എസ്റ്റേറ്റ് സി ഡിവിഷനില്‍ കടുവയ്ക്കുവെച്ച കെണിയില്‍ കുടുങ്ങിയ പുലി അതിലൊന്നാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കോമ്പിങ് തുടരും
കടുവയ്ക്കായി തുടങ്ങിയ ദൗത്യം പെട്ടെന്ന് അവസാനിപ്പിക്കില്ല. കോമ്പിങ് തുടരുമെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍ പറഞ്ഞു.ഒരു ആവാസമേഖലയില്‍നിന്ന് ഒരു കടുവ പോയാല്‍ മറ്റൊന്ന് വന്നുകൂടാറുണ്ട്.കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കുശേഷം മാത്രമേ ദൗത്യം അവസാനിപ്പിക്കുകയുള്ളൂവെന്നും ഡിഎഫ്ഒ പറഞ്ഞു.
ആളുകളുടെ ആശങ്കയകറ്റാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും ദൗത്യവുമായി സഹകരിച്ച മലയോരവാസികളോട് നന്ദിയും കടപ്പാടുമുണ്ടെന്നും നേതൃത്വംനല്‍കിയ ജി. ധനിക് ലാല്‍, കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി. രാജീവ് എന്നിവര്‍ പറഞ്ഞു.
ഉപയോഗിച്ചത് മൂന്ന് ജില്ലകളിലെ ഉപകരണങ്ങള്‍
കാളികാവില്‍ കടുവയെ കണ്ടെത്താനായി ഉപയോഗിച്ചത് മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ ഉപകരണങ്ങള്‍. 100 ക്യാമറകളും 16 ലൈവ് സ്ട്രീം ക്യാമറകളും ഉപയോഗിച്ചു. കാളികാവ് പഞ്ചായത്തിലെ മലയോര പ്രദേശമായ അടയ്ക്കാക്കുണ്ടില്‍നിന്ന് കടുവ കരുവാരക്കുണ്ട് പഞ്ചായത്തിലെ കാര്‍ഷികമേഖലയിലേക്ക് കടന്നതോടെയാണ് കൂടുതല്‍ ക്യാമറ സ്ഥാപിക്കേണ്ടി വന്നത്. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ആര്‍ആര്‍ടി, വയനാട് ആര്‍ആര്‍ടി ക്യാമ്പുകളിലെ സംവിധാനങ്ങളാണ് ആദ്യഘട്ടത്തില്‍ പ്രയോജനപ്പെടുത്തിയത്.
ദൂരെയുള്ള സ്ഥലങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെയാണ് പാലക്കാട് പറമ്പിക്കുളത്തുനിന്ന് കൂടുതല്‍ ക്യാമറകള്‍ ഉള്‍പ്പെടെ എത്തിച്ചത്. അഞ്ച് കെണികളും സ്ഥാപിച്ചു. ഒരു കെണിയില്‍ പുലിയും മറ്റൊന്നില്‍ കടുവയും കുടുങ്ങി. രണ്ട് വന്യജീവികളും കെണിയില്‍ അകപ്പെട്ടത് കരുവാരക്കുണ്ട് പഞ്ചായത്തിലെ കേരള എസ്റ്റേറ്റ്, സുല്‍ത്താന എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ നിന്നാണ്.
ദൗത്യത്തിനായി മൂന്ന് കുങ്കിയാനകളെ എത്തിച്ചുവെങ്കിലും ഉപയോഗിച്ചില്ല. വന്യമൃഗങ്ങളെ മെരുക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം നേടിയ കുഞ്ചു, കോന്നി സുരേന്ദ്രന്, സൂര്യന് എന്നിവയെയാണ് കൊണ്ടുവന്നത്. ചെങ്കുത്തായ മലവാരമായതിനാല്‍ ആനകളെ പ്രയോജനപ്പെടുത്താനാതെ തിരിച്ചുകൊണ്ടുപോവുകയാണ് ഉണ്ടായത്.
കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
കെണിയിലകപ്പെട്ട കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. അതിനു നിയമതടസ്സമുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. കടുവയെ മൃഗശാലയിലേക്കു മാറ്റുമെന്ന് കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി. രാജീവ് കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുല്ലത്തീഫിന് രേഖാമൂലം ഉറപ്പുനല്‍കി. നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നത് ചെറിയ സംഘര്‍ഷത്തിനു കാരണമായി. കൂടുതല്‍ പോലീസെത്തി ആളുകളെ മാറ്റിയശേഷമാണ് കടുവയെ അമരമ്പലം ആര്‍ആര്‍ടി ക്യാമ്പിലേക്കു മാറ്റാന്‍ വാഹനത്തില്‍ കയറ്റിയത്. കെണിയിലകപ്പെട്ട സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നല്‍കാനുള്ള സംവിധാനം വനപാലകര്‍ കരുതിയിരുന്നെങ്കിലും ആളുകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചു.
അമരമ്പലത്തെത്തിച്ച് കടുവയ്ക്ക് കോഴിയിറച്ചി ഉള്‍പ്പെടെ ഭക്ഷണവും പ്രാഥമികചികിത്സയും നല്‍കിയശേഷമാണ് പുത്തൂരിലേക്കു കൊണ്ടുപോയത്. സംസ്ഥാനത്ത് പിടിയിലാകുന്ന വന്യജീവികളെ പുതിയതായി ആരംഭിച്ച പുത്തൂര്‍ വന്യജീവിസങ്കേതത്തിലേക്കാണു മാറ്റാറുള്ളത്. പരിക്കേറ്റ ജീവികള്‍ക്ക് വിദഗ്ധചികിത്സ നല്‍കാനുള്ള സംവിധാനമുള്‍പ്പെടെ അവിടെയുണ്ട്.കരുവാരക്കുണ്ട് : കെണിയിലകപ്പെട്ട കടുവയെ കൊണ്ടുപോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ ആറുമണിക്കൂര്‍ തടഞ്ഞുവെച്ചു. തോട്ടം തൊഴിലാളി ഗഫൂര്‍ അലിയെയും വളര്‍ത്തുമൃഗങ്ങളെയും കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊല്ലണം എന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വനപാലകരും പോലീസും അനുനയിപ്പിക്കാന്‍ പരിശ്രമിച്ചെങ്കിലും പ്രതിഷേധത്തില്‍ അയവുവരുത്താന്‍ നാട്ടുകാര്‍ തയ്യാറായില്ല.
കൂവി ആര്‍ത്തുവിളിച്ച് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ സംസാരിക്കാന്‍പോലും അനുവദിച്ചില്ല. പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സബ് ഡിവിഷനുകളില്‍നിന്നുള്ള പോലീസുകാര്‍ക്കു പുറമെ ക്യാമ്പില്‍നിന്ന് രണ്ടു ബറ്റാലിയനെക്കൂടി പ്രതിഷേധക്കാരെ നേരിടാനായി എത്തിച്ചു. പ്രതിഷേധക്കാരെ തള്ളിമാറ്റാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി.
കടുവയെ മൃഗശാലയിലേക്കു കൊണ്ടുപോകാമെന്ന് അധികൃതര്‍ പറഞ്ഞുനോക്കി. കടുവയ്ക്കുവെച്ച കെണിയില്‍ ഒരുമാസം മുന്‍പ് കുടുങ്ങിയ പുലിയെ മൃഗശാലയിലേക്കു മാറ്റുമെന്ന് ഉറപ്പുനല്‍കിയ അധികൃതര്‍ കാട്ടില്‍ തുറന്നുവിട്ടത് മറന്നിട്ടില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. സംഭവസ്ഥലത്തുവെച്ചുതന്നെ കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കടുവയെ മൃഗശാലയിലേക്കു മാറ്റുമെന്ന് എഴുതിനല്‍കിയതോടെയാണ് പ്രതിഷേധത്തില്‍ അയവുണ്ടായത്. നൂറിലേറെ ആളുകളുണ്ടായിട്ടും കടുവ അകപ്പെട്ട കെണി ഉള്‍പ്പെടെ ലോറിയില്‍ കയറ്റുന്നതില്‍നിന്ന് ആളുകള്‍ വിട്ടുനിന്നു. വന്‍ സുരക്ഷാ കാവലിലാണ് കടുവയെ ചികിത്സ നല്‍കാനായി അമരമ്പലം ആര്‍ആര്‍ടി ക്യാമ്പിലേക്കു കൊണ്ടുപോയത്.
ചെലവഴിച്ചത് ആറുലക്ഷം രൂപ
കാളികാവിലെ 53 ദിവ ത്തെ കടുവാദൗത്യത്തിനായി ചെലവഴിച്ചത് ആറുലക്ഷം രൂപയോളം. കൂടുതല്‍ പണം ചെലവഴിക്കേണ്ടത് കുങ്കി ആനയുടെ അക്രമണത്തില്‍ പരി ക്കുപറ്റിയ പാപ്പാന്റെ ചികിത്സയ്ക്കാ ണെന്ന് ദൗത്യസംഘം മേധാവി ഡിഎഫ്ഒ ജി. ധനിക് ലാല്‍ പറഞ്ഞു. ദൗത്യത്തിന് വയനാട് മുത്തങ്ങയില്‍നിന്ന് ആദ്യം എത്തിച്ച കുഞ്ചു എന്ന ആനയാണ് ആളുകളെ കണ്ട് പ്രകോപിതനായി പാപ്പാനെ എടുത്തെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ പാപ്പാന് കൊല്ലം കൊട്ടാരക്കര സ്വദേശി ജെ. അഭയകൃഷ്ണന്റെ (ചന്തു) ചികിത്സയ്ക്ക് 80,000 രൂപ ചെലവഴിച്ചെന്ന് ഡിഎഫ്ഒ പറഞ്ഞു. വയനാട്, പറമ്പിക്കുളം എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന ക്യാമറകള്‍ മതിയാകാതെ വന്നപ്പോള്‍ ആറു ലൈവ് സ്ട്രീം ക്യാമറകള്‍ ദൗത്യത്തിനു മാത്രമായി വാങ്ങി.
ദിവസവും 70 പേരടങ്ങുന്ന ദൗത്യസംഘത്തിന്റെ ഭക്ഷണത്തിനും വലിയ തുക ആവശ്യമായിവന്നു. കെണിയില്‍ വെക്കാനുള്ള മൃഗങ്ങളെ വാങ്ങാന്‍ 6000 രൂപ ചെലവഴിച്ചു. കെണിയില്‍ കെട്ടിയ നാല് ആടുകളും ഒരു മുരിക്കൂട്ടിയും ചത്തു. രണ്ട് ആടുകളെ കടുവയും ഒന്നിനെ പുലിയും കൊന്നു. ഒരു ആടും മൂരിക്കുട്ടിയും മഴനനഞ്ഞ് ചത്തുവെന്നും ഡിഎഫ്ഒ പറഞ്ഞു. ബാക്കി വനം വകുപ്പിന്റെ കൈവശമുള്ള രണ്ടു ആട്ടിന്‍ കുട്ടികളെയും ഒരു മൂരിക്കുട്ടിയെയും ലേലത്തില്‍വെച്ച് തുക തിരിച്ചെടുക്കും. കരുവാരക്കുണ്ട് ഗ്രാമപ്പഞ്ചായത്ത് ഏല്‍പ്പിച്ച മൂരിക്കുട്ടിയെ തിരിച്ചു നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. അഞ്ച് കെണിയാണ് മലയോരത്തു സ്ഥാപിച്ചത്. തകരാറിലായ കെണികളുടെ അറ്റകുറ്റപ്പണികള്‍ക്കും തുക ചെലവഴിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.