ന്യൂഡല്‍ഹി: കക്ഷി രാഷ്ട്രീയ ഭിന്നതകളേക്കാള്‍ രാജ്യതാത്പര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
'രാജ്യം ഐക്യത്തിന്റെ ശക്തി ഇതിനോടകം കണ്ടുകഴിഞ്ഞു. അതിനാല്‍ സഭയിലെ എല്ലാ എംപിമാരും അതിന് ശക്തി പകര്‍ന്ന് മുന്നോട്ട് പോകണം, ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അവരുടേതായ അജണ്ടയുണ്ടാകും എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ രാഷ്ട്രീയമായ വിയോജിപ്പുകള്‍. മാറ്റിവെച്ച് രാജ്യത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും' മോദി പറഞ്ഞു.ഓപ്പറേഷന് സിന്ദൂറിന് ശേഷം ഇന്ത്യന്‍ നിര്‍മിത ആയുധങ്ങള്‍ക്ക് താത്പര്യമേറിയെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ കണ്ടുമുട്ടുമ്പോള്‍ തനിക്ക് വ്യക്തമായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
'ഇന്ത്യയുടെ സൈനിക കരുത്ത് ലോകം മുഴുവന്‍ കണ്ടിരിക്കുന്നു. ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ സൈന്യം നിശ്ചയിച്ച ലക്ഷ്യം 100% കൈവരിച്ചു. ഭീകര തലവന്മാരുടെ വീടുകള്‍ 22 മിനിറ്റിനുള്ളില്‍ നിലംപരിശാക്കി, 'മെയ്ഡ് ഇന്‍ ഇന്ത്യ' ആയുധങ്ങളില്‍ ലോകം ഏറെ താത്പര്യപ്പെട്ടു. ഈയിടെയായി, ഞാന്‍ ലോകത്തുള്ളവരെ കണ്ടുമുട്ടുമ്പോഴെല്ലാം മനസ്സിലാകുന്നത്, ഇന്ത്യ നിര്‍മിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ആയുധങ്ങളോടുള്ള ലോകത്തിന്റെ ആകര്‍ഷണം വര്‍ദ്ധിച്ചുവരികയാണ് എന്നതാണ്' മോദി പറഞ്ഞു.
പാര്‍ലമെന്റിന്റെ ഈ മണ്‍സൂണ്‍ സമ്മേളനം ഒരു വിജയാഘോഷം പോലെയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്ത്യയുടെ പതാക ഉയര്‍ന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണ്. എല്ലാ എംപിമാരും രാജ്യത്തെ ജനങ്ങളും ഒരേ സ്വരത്തില്‍ ഈ നേട്ടത്തെ പ്രകീര്‍ത്തിക്കും. ഇത് നമ്മുടെ ഭാവി ദൗത്യങ്ങള്‍ക്ക് ഒരു പ്രചോദനമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'പഹല്‍ഗാമിലെ ക്രൂരമായ അതിക്രമങ്ങളും കൂട്ടക്കൊലയും ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. കക്ഷിതാല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച്, രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി, നമ്മുടെ മിക്ക പാര്‍ട്ടികളുടെയും പ്രതിനിധികള്‍, ലോകത്തിലെ പല രാജ്യങ്ങളിലും പോയി ഒരേ സ്വരത്തില്‍, പാകിസ്താനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ വളരെ വിജയകരമായ ഒരു പ്രചാരണം നടത്തി. ആ എംപിമാരെയെല്ലാം ഞാന്‍ അഭിനന്ദിക്കുന്നു, ദേശീയ താല്‍പ്പര്യാര്‍ത്ഥം ചെയ്ത ഈ സുപ്രധാന പ്രവര്‍ത്തനത്തിന് എല്ലാ പാര്‍ട്ടികളെയും ഞാന്‍ അഭിനന്ദിക്കുന്നു, ഇത് രാജ്യത്ത് ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു' മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തില്‍ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, ഈ നിരക്ക് ഏകദേശം രണ്ട് ശതമാനമായി കുറഞ്ഞു. അത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തില്‍ ഒരു ആശ്വാസമായി മാറിയിരിക്കുന്നു. 25 കോടി പാവപ്പെട്ടവര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതിനെ ലോകത്തിലെ പല സ്ഥാപനങ്ങളും അഭിനന്ദിക്കുന്നുണ്ട്. 2014-ന് മുമ്പ്, ആഗോള സമ്പദ്വ്യവസ്ഥയില് നമ്മള് പത്താം സ്ഥാനത്തായിരുന്നു. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാന്‍ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.