കോട്ടയം ∙ ഗവർണറായി കാലാവധി പൂർത്തിയാക്കിയതിനാലാണ് മാറ്റമെന്ന് ഗോവ ഗവർണർ സ്ഥാനത്തുനിന്നും മാറുന്ന പി.എസ്. ശ്രീധരൻ പിള്ള. ഗോവയിലും മിസോറമിലുമായി ഗവർണർ പദവിയിൽ ആറു വർഷം പൂർത്തിയാക്കി. ഭാവിയെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. ഗവർണർ സ്ഥാനത്തുനിന്നു മാറ്റിയശേഷം ആദ്യമായി ഒരു മാധ്യമത്തോടു സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.
‘ജീവിതത്തിൽ ഒരിക്കൽപ്പോലും പദവിയോ സ്ഥാനാർഥിത്വമോ ചോദിച്ചിട്ടില്ല. അൻപതു വർഷമായി ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ്. എന്റെ പ്രസ്ഥാനം എനിക്കു തരാവുന്നതെല്ലാം തന്നിട്ടുണ്ട്. പൂർണ സംതൃപ്തനാണ്. ഞാൻ എന്തെങ്കിലും ചോദിച്ചിട്ടുണ്ടെന്ന് ആർക്കും പറയാനാകില്ല. ഗോവയിൽ ഗവർണറായി 4 വർഷം പൂർത്തിയാക്കുന്ന ദിവസമാണ് ഇന്ന്. അതിനു മുൻപ് 2 കൊല്ലം മിസോറമിൽ ഗവർണറായിരുന്നു. അതിനു മുൻപ് രണ്ടു കൊല്ലം മിസോറമിൽ ഗവർണറായിരുന്നു. രാഷ്ട്രീയക്കാരൻ എന്നതിലുപരിയായി കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്ന അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു. 117 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2010ൽ കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ രാഷ്ട്രപതിയാണ് എന്റെ പുസ്തക പ്രകാശനം നടത്തിയത്. കേരളീയ സാമൂഹിക ജീവിതത്തിൽ അതൊന്നും ആരും ശ്രദ്ധിച്ചില്ല. എന്നെ എല്ലാവരും രാഷ്ട്രീയക്കാരനായാണു കണ്ടത്. ഗവർണറായശേഷം എഴുത്തിന്റെ മേഖലയിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു.
ഏറ്റവും ഒടുവിൽ അടിയന്തരാവസ്ഥയ്ക്കെതിരെ എഴുതിയ രണ്ട് പുസ്തകങ്ങളും ഒരാഴ്ചക്കുള്ളിലാണു വിറ്റുപോയത്. 1,30,000 രൂപ റോയൽറ്റിയായി കിട്ടി. അത് ഗോവയിലെ ഒരു അന്നദാന സ്കീമിലേക്കാണ് നൽകിയത്. അഭിഭാഷകവൃത്തിയിലേക്കു മടങ്ങുന്നതിന് ഒരു നിയമതടസവുമില്ല. പ്രോട്ടോക്കോൾ അനുസരിച്ച് ഗവർണർ ചീഫ് ജസ്റ്റിസിനും മുകളിലാണ്. പ്രോട്ടോക്കോൾ പ്രകാരം ഗവർണർ നാലാമതും ചീഫ് ജസ്റ്റിസ് ആറാമതുമാണ്. ആ ഒരു ഈഗോ ഉണ്ടാവുന്നത് കൊണ്ട് അഭിഭാഷകരായ ആരും ഗവർണർ പദവി ഒഴിഞ്ഞശേഷം കോടതിയിലേക്കു പോകാറില്ല. എന്നെ സംബന്ധിച്ച് അങ്ങനെയില്ല. ഞാൻ കീഴ്‌ക്കോടതി വരെയും പോകും. അഭിഭാഷകവൃത്തി അത്രത്തോളം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നുവച്ച് കോടതിയിലേക്കു പോകാനാണു തീരുമാനമെന്നൊന്നും ഇപ്പോൾ പറയുന്നില്ല. അതൊക്കെ ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്. ഇനി ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് പറയാനാകില്ല’’ – ശ്രീധരൻ പിള്ള പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.