ആലപ്പുഴ: മാരാരിക്കുളത്ത് മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെ കേസിൽ പ്രതി ചേർത്തേക്കും. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിനു നൽകിയ മൊഴി.
പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു. പോസ്റ്റ്‌മാർട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പ്രഹിൻ (മനു).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.