കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കാണാൻ ഹൈക്കോടതി. പാലാരിവട്ടത്തെ സ്വകാര്യ സ്റ്റുഡിയോയിൽ രാവിലെ 10 മണിക്കാണ് ജസ്റ്റിസ് എൻ.നഗരേഷ് ചിത്രം കാണുക. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിനിമ കണ്ട് വിലയിരുത്താമെന്ന് കോടതി തീരുമാനിച്ചത്. ഹർജിക്കാര്‍ക്കും എതിർകക്ഷികള്‍ക്കും കൂടി സിനിമ കാണാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകാതെ നീട്ടിക്കൊണ്ടു പോകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയും ചിത്രത്തിന് അനുമതി നൽകിയിരുന്നില്ല. മത, ജാതി, വംശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്വേഷകരമായ കാര്യങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത്.
ജാനകി എന്ന പേര് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അനുമതിക്കായി സെൻസർ ബോർഡ് മുന്നോട്ടുവച്ചത്. ഇതിനെതിരെ ഹർജിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.റിവൈസിങ് കമ്മിറ്റിയും അനുമതി നിഷേധിച്ച സാഹചര്യത്തിൽ അപ്പീലുമായി പോകുമ്പോൾ അടുത്ത സമിതി ചിത്രങ്ങൾ കണ്ട് വിലയിരുത്തേണ്ടതുണ്ട്. ഇതിന് മാസങ്ങൾ പിടിക്കുമെന്ന് നിർമാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമ കണ്ട് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.
നേരത്തെ, ജാനകി എന്ന പേര് ഇടുന്നതിനോട് സെൻസർ ബോർഡ് എതിർപ്പുയർത്തിയത് കോടതിയുടെ വിമർശനത്തിന് കാരണമായിരുന്നു. ഇനി സിനിമയുടെ കഥയും കഥാപാത്രങ്ങളുടെ പേരുമൊക്കെ നിങ്ങൾ തീരുമാനിക്കുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജൂൺ 27ന് റിലീസ് ആകാനിരുന്ന സുരേഷ് ഗോപി– അനുപമ പരമേശ്വരൻ ചിത്രമാണ് വിവാദത്തിൽ കുടുങ്ങി റിലീസ് നീണ്ടുപോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.