വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തേക്ക് വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രതിനിധികൾ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചർച്ച ചെയ്തെന്നും 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശം ഇറാൻ പിന്തുണയുള്ള ഹമാസ് പ്രവർത്തകർ കൂടി അംഗീകരിക്കണമെന്നും ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 60 ദിവസം നീണ്ടു നിൽക്കുന്ന വെടിനിർത്തലിനിടെ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമായില്ലെങ്കിൽ ഹമാസ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വെടിനിർത്തലിന് ഖത്തർ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരുമായും നിർദേശങ്ങൾ പങ്കുവയ്ക്കുമെന്നും ഹമാസ് നേതൃത്വത്തെ മധ്യസ്ഥർ ഇക്കാര്യം അറിയിക്കണമെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവായ റോൺ ഡെർമറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിർത്തലിന് ധാരണയായതെന്നാണ് സൂചന.
‘‘60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. മധ്യപൂർവ ഏഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ. ഈ വിഷയത്തിൽ നിങ്ങൾ ശ്രദ്ധ ചെലുത്തിയതിന് നന്ദി.’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെ കാണുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തിയാൽ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അതേസമയം ഹമാസിനെ നിരായുധീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് ഇസ്രയേലിന്റെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.