ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി അനൗപചാരിക മാർഗ്ഗങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജൂലായ് 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.
നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 'സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ' സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിൻ്റെ ഈ ഉത്തരവ്.
ഇന്ത്യയും യെമനും തമ്മിൽ നിലവിൽ നയതന്ത്രബന്ധമൊന്നുമില്ലെന്നും, മേഖലയുടെ അതിസൂക്ഷ്മത കണക്കിലെടുത്ത് സർക്കാരിന് ഇടപെടാനുള്ള പരിമിതികളുണ്ടെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. വധശിക്ഷ താൽക്കാലികമായി നിർത്തിവെക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നതിന് സാധ്യമായതെല്ലാം കേന്ദ്രം ഇതിനകം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു. പ്രോസിക്യൂട്ടർക്ക് കത്തയച്ചതായും, നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നതെന്നും അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി.
ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടപ്പെട്ടാൽ അത് സങ്കടകരമാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു. രാജ്യത്തെ ഒരു പൗരനെ രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരണമെന്ന് നിർദ്ദേശിച്ച കോടതി, ഈ വിഷയത്തിൽ എന്തെങ്കിലും അനുകൂലമായ വാർത്തയുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ട് കേസ് ജൂലായ് 18-ലേക്ക് മാറ്റി.
യെമൻ പൗരൻ്റെ കുടുംബത്തിന് 'ബ്ലഡ് മണി' (പരിഹാരത്തുക) നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. ഹർജിക്കാർ പണം തയ്യാറാക്കിയിട്ടുണ്ടെന്നും കൂടുതൽ പണം നൽകാൻ സന്നദ്ധരാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, യെമൻ അധികൃതരുടെ നിലപാട് കാരണം പണം കൈമാറാനുള്ള ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.