തവനൂർ: 'കല- സ്വാതന്ത്ര്യം- സമത്വം - സാഹോദര്യം' എന്ന മഹത്തായ ആശയമുയർത്തി പ്രവർത്തിക്കുന്ന നന്മ മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയുടെ ഏഴാമത് മലപ്പുറം ജില്ലാ സമ്മേളനം 2025 ആഗസ്റ്റ് 1, 2 തീയതികളിൽ തവനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തവനൂരിലെ കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന 'ശ്രീ. എം.ടി. വാസുദേവൻനായർ നഗറി'ലാണ് സമ്മേളനം നടക്കുന്നത്. വിപുലമായ കലാപരിപാടികളും പ്രതിനിധി സമ്മേളനവും ഇത്തവണത്തെ ജില്ലാ സമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നും സംഘാടകർ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
നന്മയുടെ സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാരവാഹികൾ ഊന്നിപ്പറഞ്ഞു. മലപ്പുറം ജില്ലാ പ്രസിഡന്റ് ലുഖ്മാൻ അരീക്കോട്, ജില്ലാ ജോയിന്റ് സെക്രട്ടറി മാരായ പ്രമോദ് തവനൂർ (സ്വാഗതസംഘം കൺവീനർ), കൃഷ്ണകുമാർ വെന്നിയൂർ, തവനൂർ യൂണിറ്റ് സെക്രട്ടറി അംബുജൻ.സി.വി, കെ.വി. ലായുധൻ, പ്രശാന്ത് പി.വി തുടങ്ങിയ കമ്മിറ്റി അംഗങ്ങളാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
സമ്മേളന പരിപാടികൾ:
- ആഗസ്റ്റ് 1, വെള്ളിയാഴ്ച:
സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് വൈകുന്നേരം 4 മണിക്ക് തവനൂർ അങ്ങാടിയിൽ നിന്ന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. നാടൻ കലാരൂപങ്ങൾ, ചെണ്ടമേളം, ബാൻ്റ് വാദ്യം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകും. തുടർന്ന്, വൈകുന്നേരം 6 മണിക്ക് കാർഷിക കോളേജ് ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. നൃത്തനൃത്ത്യങ്ങൾ, ഏകപാത്ര നാടകങ്ങൾ, കരോക്കെ ഗാനമേള, പാവനാടകം എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ കാഴ്ചക്കാരെ ആകർഷിക്കും.
- ആഗസ്റ്റ് 2, ശനിയാഴ്ച:
രണ്ടാം ദിവസത്തെ പരിപാടികൾ രാവിലെ 9 മണിക്ക് പ്രതിനിധികളുടെ രജിസ്ട്രേഷനോടെ ആരംഭിക്കും. 9:15-ന് പതാക ഉയർത്തലിനു ശേഷം, 9:30-ന് ഫ്യൂഷൻ വീണ, മൃദംഗം, ഇടക്ക എന്നിവയുടെ അകമ്പടിയോടെ വേദി ഉണർത്തൽ നടക്കും. 10 മണിക്ക് നന്മ ഗായക സംഘം - തവനൂർ മേഖലയുടെ നന്മ വന്ദന ഗാനം അവതരിപ്പിക്കും.
തുടർന്ന്, 10:30-ന് നടക്കുന്ന സാംസ്കാരിക സദസ്സും സമാദരണവും സമ്മേളനത്തിന് മാറ്റു കൂട്ടും. ബഹു. ഡോ. കെ.ടി. ജലീൽ, എം.എൽ.എ. സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും. നന്മ സംസ്ഥാന സെക്രട്ടറിയും പ്രമുഖ സിനി-സീരിയൽ താരവുമായ ശ്രീമതി രമാദേവി സമാദരവ് ചടങ്ങ് ഉദ്‌ഘാടനം ചെയ്യും.
രാവിലെ 11 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. സർഗവനിത ജില്ലാ പ്രസിഡന്റ് ശ്രീമതി. കെ.പി. ശ്രീമതി ഇന്ത്യൻ ഭരണഘടനയുടെ ആമുഖ അവതരണം നടത്തും. നന്മ സംസ്ഥാന പ്രസിഡന്റ് ശ്രീ. സേവ്യർ പുൽപാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നന്മ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ. വിൽസൺ സാമുവൽ ആമുഖ ഭാഷണം നടത്തും.
തുടർന്ന്, നന്മ ജില്ലാ സെക്രട്ടറി സജിത്. പി പൂക്കോട്ടുംപാടം പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ ശ്രീ. ശ്യാംപ്രസാദ് വരവ് ചിലവ് കണക്കും അവതരിപ്പിക്കും. നന്മ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ. ഐ.ഡി രഞ്ജിത് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. റിപ്പോർട്ടുകളുടെ അവതരണത്തിന് ശേഷം ചർച്ചയും മറുപടിയും നടക്കും. കമ്മിറ്റി തിരഞ്ഞെടുപ്പും നന്ദി പ്രകടനവും ദേശീയഗാനാലാപനത്തോടെയും സമ്മേളനം സമാപിക്കും.
മലപ്പുറം ജില്ലയിലെ കലാകാരന്മാരുടെ കൂട്ടായ്മയ്ക്കും അവകാശ സംരക്ഷണത്തിനും പുതിയ ദിശാബോധം നൽകുന്നതിനും, നന്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ സമ്മേളനം ഉപകരിക്കുമെന്ന് ഭാരവാഹികൾ പ്രതീക്ഷ പ്രകടിപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.