കുമളി ;അപകടത്തിൽ ജീവൻ പൊലിഞ്ഞ ഏക മകന്റെ ഭൗതികശരീരം അമ്മയ്ക്ക് ഒരുനോക്കു കാണാൻ കഴിയുമോയെന്ന ആശങ്കയിലാണ് അണക്കര വെള്ളറയിൽ ഷൈജുവും ബന്ധുക്കളും.
കഴിഞ്ഞ 17ന് അണക്കര ചെല്ലാർകോവിലിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മരിച്ച, ഷാനറ്റ് ഷൈജുവിന്റെ (17) മൃതദേഹമാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനുവിന്റെ വരവു പ്രതീക്ഷിച്ച് അഞ്ചാം നാളും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഏക മകന്റെ വേർപാട് ജിനുവിനെ ഇനിയും അറിയിച്ചിട്ടില്ല. അണക്കര കൊടുവേലിക്കുളത്ത് അലൻ കെ.ഷിബുവും അപകടത്തിൽ മരിച്ചിരുന്നു. കുവൈത്തിൽ ജോലിക്കു പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിനു തിരികെയെത്താൻ വഴി തെളിഞ്ഞിട്ടില്ല.
3 മാസം മുൻപാണ് ജിനു കുവൈത്തിൽ ജോലിക്കു പോയത്. പറഞ്ഞിരുന്ന ജോലിക്കു പകരം കഠിനമായ മറ്റു ജോലികളാണ് ജിനുവിനു ചെയ്യേണ്ടി വന്നത്. ഒരു കുടുംബത്തിലെ കുട്ടിയെ നോക്കാനായി പത്തനംതിട്ടയിലുള്ള ഒരു ഏജൻസി വഴിയാണ് ജിനു കുവൈത്തിൽ എത്തിയത്. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളും മൂലം തനിക്ക് ജോലിയിൽ തുടരാൻ പറ്റാത്ത സ്ഥിതിയാണെന്ന് ജിനു ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്തു തടവിലാക്കി.
വാഗ്ദാനം ചെയ്ത ശമ്പളവും കൊടുത്തില്ല. പിന്നീട് കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്നു രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്കു ശേഷം തടങ്കലിലാണിപ്പോൾ.
താൽക്കാലിക പാസ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ 16നു തിരികെ വരാനിരിക്കുമ്പോഴാണ് പശ്ചിമേഷ്യയിലെ യുദ്ധവും കോവിഡും പ്രതിസന്ധിയിലാക്കിയത്. മലയാളി അസോസിയേഷനും യാക്കോബായ സഭാ നേതൃത്വവും എംപിമാരായ ഡീൻ കുര്യാക്കോസ്, സുരേഷ് ഗോപി, ആന്റോ ആന്റണി എന്നിവരും ജിനുവിനെ നാട്ടിലെത്തിക്കാൻ ഇടപെടുന്നുണ്ട്.
വെള്ളിയും ശനിയും കുവൈത്തിൽ അവധിദിനങ്ങളായതിനാൽ ഒരു ഇടപെടലും സാധ്യമായിരുന്നില്ല. ചൊവ്വാഴ്ച ജിനുവിനു നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ജിനു എത്തിയാലും ഇല്ലെങ്കിലും ബുധനാഴ്ച സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.