ഹൈദരാബാദ് ;മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാന സംഭവം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി.
കർണൂൽ സ്വദേശിനി ഐശ്വര്യ (23) യാണ് കാമുകൻ തിരുമൽ റാവുവുമായി ചേർന്ന് വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവ് തേജേശ്വറിനെ (26) കൊന്നു കനാലിൽ തള്ളിയത്. തെലങ്കാനയിലെ ഗഡ്‍വാൾ സ്വദേശിയും ലാൻഡ് സർവേയറും നർത്തകനുമായ തേജേശ്വറുമായി ഐശ്വര്യയുടെ വിവാഹം മേയ് 18 നായിരുന്നു. ഒരു മാസത്തിനു ശേഷം തേജേശ്വറിനെ കാണാതായി.തിരോധാനത്തിൽ ഐശ്വര്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് തേജേശ്വറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.കർണൂലിലെ ഒരു ബാങ്കിൽ മാനേജരാണ് തിരുമൽ റാവു. ഐശ്വര്യയുടെ അമ്മ സുജാത അതേ ബാങ്കിലെ ശുചീകരണത്തൊഴിലാളിയായിരുന്നു.അമ്മയ്ക്കു പകരം ജോലി ചെയ്യാനായി അവിടെ എത്തിയപ്പോഴാണ് ഐശ്വര്യയും റാവുവും അടുപ്പത്തിലായത്. എട്ടു വർഷം മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച റാവു, കുട്ടികളില്ലാത്തതിന്റെ പേരിൽ അവരെ കൊല്ലാൻ ശ്രമിച്ചിരുന്നെന്നും ഐശ്വര്യയുടെ അമ്മ സുജാതയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
റാവുവുമായുള്ള ബന്ധത്തിൽനിന്നു പിന്മാറി തേജേശ്വറിനെ വിവാഹം ചെയ്യണമെന്ന് ഐശ്വര്യയുടെ അമ്മ അവളെ നിർബന്ധിച്ചിരുന്നു. ഫെബ്രുവരി 13നാണ് തേജേശ്വറിന്റെയും ഐശ്വര്യയുടെയും വിവാഹം നിശ്ചയിച്ചത്. എന്നാൽ ഇതിനിടെ ഐശ്വര്യ റാവുവിനൊപ്പം ഒളിച്ചോടി രഹസ്യമായി വിവാഹം ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ഐശ്വര്യ, സ്ത്രീധനം തരാൻ കഴിയാത്തതു കൊണ്ടാണ് ഒളിച്ചോടിയതെന്നും തേജേശ്വറിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്നും അയാളെ അറിയിച്ചു. തുടർന്ന് മേയ് 18ന് ഇരുവരും വിവാഹിതരായി. എന്നാൽ വിവാഹ ശേഷവും ഐശ്വര്യ, റാവുവുമായുള്ള ബന്ധം തുടർന്നു.
ഫെബ്രുവരിക്കും മേയ്ക്കും ഇടയിൽ രണ്ടായിരത്തോളം ഫോൺ കോളുകൾ റാവുവും ഐശ്വര്യയും തമ്മിൽ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. വിവാഹ ദിവസം പോലും അവർ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഭൂമി അളക്കാനെന്ന വ്യാജേനയാണ് ഗുണ്ടാസംഘം തേജേശ്വറിനെ കാറിൽ കയറ്റിയത്. പിന്നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മൃതദേഹം വിഡിയോ കോളിൽ തിരുമൽ റാവുവിനെ കാണിച്ച ശേഷം കനാലിലെറിയുകയായിരുന്നു.
‘‘കർണൂലിൽ മൃതദേഹം കുഴിച്ചിടാനായിരുന്നു കൊലയാളികളുടെ പദ്ധതി. എന്നാൽ അതിന് ഉദ്ദേശിച്ച സ്ഥലത്തെത്തിയപ്പോൾ അവിടെ ആളുകളെ കണ്ടു. അതുകൊണ്ടു കനാലിൽ തള്ളുകയായിരുന്നു. പക്ഷേ അതിൽ വെള്ളം കുറവായിരുന്നു. തേജേശ്വറിന്റെ മൊബൈൽ ഫോൺ സിഗ്നൽ ട്രാക്ക് ചെയ്താണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
അത് അഴുകിയിരുന്നു. തെലുങ്കിൽ ‘അമ്മ’ എന്നെഴുതിയ ടാറ്റൂ കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്’’ – ജോഗുലമ്പ ഗഡ്‍വാൾ എസ്പി ശ്രീനിവാസ് പറഞ്ഞു. തേജേശ്വറിനെ കാണാതാകുമ്പോൾ ഐശ്വര്യ ഭർതൃവീട്ടിലായിരുന്നു താമസമെന്നും നാലുദിവസം അവിടെ തങ്ങിയ ശേഷം ലഡാക്കിലേക്കു രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. തിരുമൽ റാവു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ ഐശ്വര്യ ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനായി മൂന്നുേപർക്ക് രണ്ടുലക്ഷം രൂപ വീതം തിരുമൽ റാവു നൽകിയെന്നും തെളിഞ്ഞു. ഐശ്വര്യയും കാമുകനും ഉൾപ്പെടെ 8 പേരാണ് കേസിൽ അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് അറിയാമായിരുന്ന ഐശ്വര്യയുടെ അമ്മ സുജാതയും തിരുമല്‍ റാവുവിന്റെ അച്ഛനും കേസിലെ പ്രതികളാണ്. വിരമിച്ച പൊലീസുകാരനായ അച്ഛൻ റാവുവിനെ പൊലീസ് കേസിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന പൊലീസ് സംഘങ്ങൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.