തിരുവനന്തപുരം; അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും വന്‍ പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പരിപാടിക്കെത്തി. സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.ചിത്രം നീക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെ പ്രതിഷേധം കനത്തു.ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ചിത്രംവച്ച് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതരും നിലപാടെടുത്തു. പരിപാടി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ കൃത്യമായ നടപടിക്രമങ്ങള്‍ അറിയിച്ചിരുന്നുവെന്നും മതചിഹ്നങ്ങള്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സര്‍വകലാശാല റജിസ്ട്രാര്‍ പറഞ്ഞു. ഒടുവില്‍ പരിപാടി റദ്ദാക്കിയതായി സംഘാടകള്‍ അറിയിച്ചെങ്കിലും പിന്നാലെ ഗവര്‍ണര്‍ എത്തുമെന്ന് അറിയിപ്പു വന്നു.
ഇതോടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സെനറ്റ് ഹാളില്‍ വന്‍ സംഘര്‍ഷം അരങ്ങേറി. കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി പരിപാടിയില്‍ പങ്കെടുത്തു. വന്‍ പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മുദ്രാവാക്യം വിളികളോടെയാണ് ബിജെപി, എബിവിപി പ്രവര്‍ത്തകര്‍ ഗവര്‍ണറെ സെനറ്റ് ഹാളിലേക്ക് ആനയിച്ചത്. സര്‍വകലാശാലക്കു പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.