കോഴിക്കോട് ;കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ വീണതായി വിവരം.
കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ) അകലെ വച്ച് രാവിലെ ഒൻപതരയോടെ തീപിടിത്തമുണ്ടായത്.
22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു പൊള്ളലേറ്റതായാണ് സൂചന. ഇതിൽ 18 പേർ കടലിൽ ചാടി. ഇവർ രക്ഷാബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. ഒരു കണ്ടെയ്നർ പൊട്ടിത്തെറിച്ചു.
ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റു കപ്പലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ 5 കപ്പലുകളും നേവിയുടെ ഒരു കപ്പലും സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.
വൻതീപിടിത്തമാണ് ഉണ്ടായതെന്ന് വ്യോമസേനാവൃത്തങ്ങൾ അറിയിച്ചു. ഒന്നിലധികം സ്ഫോടനങ്ങളുണ്ടായി. തീ അണയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. തീപിടിക്കുന്നതും അപകടകരവുമായ വസ്തുക്കൾ കപ്പലിലുണ്ടെന്നാണു വിവരം. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് അപകടമുണ്ടായ കപ്പൽ.
ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് പൗരൻമാരാണ് ജീവനക്കാർ. 20 വർഷം പഴക്കമുള്ള കപ്പലിന് 270 മീറ്റർ നീളമുണ്ട്. ഏഴാം തീയതി കൊളംബോയിൽനിന്നു പുറപ്പെട്ട കപ്പൽ പത്തിനു രാവിലെ ഒൻപതരയോടെ മുംബൈയിൽ ജവാഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളുണ്ടെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.