തിരുവനന്തപുരം; നടന്‍ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി ‘ഒ ബൈ ഓസി’ ആഭരണക്കടയിലെ ജീവനക്കാർ.
കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും സ്വന്തം വിലാസമോ മൊബൈൽ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ലെന്നും വനിതാ ജീവനക്കാർ ആരോപിച്ചു. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും കൃഷ്ണകുമാറും ഭാര്യയും ദിയയും ചേർന്ന് ജാതീയമായി അധിക്ഷേപിച്ചെന്നും യുവതികള്‍ ആരോപിച്ചു.തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്തുവെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചു. ‘‘ദിയ കൃഷ്ണകുമാര്‍ പറഞ്ഞിട്ടാണ് ഞങ്ങളുടെ അക്കൗണ്ടിലൂടെ പണം വാങ്ങിയത്. ടാക്സ് പ്രശ്നമുളളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുക്കുന്നതെന്നാണു ദിയ പറഞ്ഞത്. പലപ്പോഴും ദിയ ഷോപ്പിൽ വരാറില്ല.
‘പാർട്ട് ടൈം’ എന്നു പറഞ്ഞു വിളിച്ച ജോലി ‘ഓവർ ടൈം’ ആയതോടെ ജോലി മാറണമെന്ന് വിചാരിച്ചിരുന്നു, എന്നാൽ പ്രസവം കഴിയുന്നതു വരെ കാത്തിരിക്കണമെന്നായിരുന്നു അന്ന് ദിയ പറഞ്ഞത്. എന്ത് പറഞ്ഞാലും അടിച്ചമർത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. മറ്റ് ആളുകളുടെ അടുത്ത് നമ്മളെപ്പറ്റി കുറ്റം പറയുകയും താരതമ്യം ചെയ്യാനും തുടങ്ങി. നീ ഒക്കെ എന്ത് ഹിന്ദുവാണെന്നും നിങ്ങളൊക്കെ മുക്കുവത്തികളാണെന്നും കൃഷ്ണകുമാറും ഭാര്യയും ദിയയും ഞങ്ങളെ ആക്ഷേപിച്ചു.
നിങ്ങൾക്കൊക്കെ ഐഫോൺ ഉപയോഗിക്കാൻ എന്ത് യോഗ്യതയുണ്ടെന്നും ദിയ ചോദിച്ചു’’ – ജീവനക്കാർ പറയുന്നു. ‘‘ഇതോടെ, ജോലിക്ക് വരേണ്ടതില്ലെന്നു ഞങ്ങൾ തീരുമാനിച്ചു. എന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ പേയ്‌മെന്റ് വാങ്ങിയതിന്റെ സ്‌ക്രീൻഷോട്ട് കസ്റ്റമറിൽനിന്നു വാങ്ങി മോഷണത്തിന് കേസ് നൽകുമെന്ന് ദിയ പറഞ്ഞു. ഇതിന്റെ സ്‌ക്രീൻഷോട്ട് എന്റെ കയ്യിലുണ്ട്. അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്നും ദിയ പറഞ്ഞു. 29-ാം തിയതി രാത്രി ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. രാത്രി തുടങ്ങിയ ഫോൺ കോളുകൾ പുലർച്ചെ നാല് വരെ തുടർന്നു.
ഞങ്ങൾ മൂന്നുപേരെയും ചീത്ത വിളിക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് ഞങ്ങളുടെ അടുത്ത് ഉണ്ട്. ഞങ്ങൾ കാരണം 200 ഓർഡറുകളാണ് പാക്ക് ചെയ്യാൻ സാധിക്കാതെ പോയതെന്ന് ദിയ പറഞ്ഞു. നിങ്ങൾക്ക് എതിരെ പരാതി നൽകാതിരിക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ ഫ്ളാറ്റിൽ കൊണ്ട് തരാൻ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ സ്റ്റാറ്റസ് ഇടാൻ ദിയ ആരംഭിച്ചിരുന്നു. എന്റെ ഭർത്താവിനെതിരെ കള്ളക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി.
എനിക്ക് വന്ന നഷ്ടത്തിന് പണം തന്നാൽ നിങ്ങളെ തിരികെ വിടാമെന്ന് പറഞ്ഞു’’ – വനിതാ ജീവനക്കാർ ആരോപിച്ചു. ‘‘രാവിലെ പത്തിന് ഫ്ലാറ്റിൽ എത്താനായിരുന്നു ദിയ പറഞ്ഞത്. ഞങ്ങൾ എത്തിയതിന് ശേഷം ഞങ്ങളുടെ അടുത്തുനിന്ന് പണം വാങ്ങി. ദിയയുടെ വീട്ടുകാർ ഓരോരുത്തരായി ഓരോ കാറിലായി വന്നു. അഞ്ച് പേർ അഞ്ച് സൈഡിൽ നിന്ന് വീഡിയോ എടുക്കാൻ ആരംഭിച്ചു.
ദിയയെ സംബന്ധിച്ച് നാളെ ട്രെൻഡിങ് നമ്പർ വൺ ആകാൻ പോകുന്ന ഒരു വീഡിയോ മാത്രമാകും അത്. മൂന്ന് കാറിലായിട്ടാണ് ഞങ്ങളെ ദിയ കൊണ്ടുപോയത്. ഞങ്ങളുടെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കാതെ ഏതോ ഒരു ഓഫിസിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. പിന്നീടാണ് അമ്പലമുക്കുള്ള ഒരു ഓഫീസാണ് ഇതെന്ന് മനസ്സിലായത്. പത്തിനടുത്തുള്ള ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണകുമാറിന്റെ നാല് മക്കളും ഭാര്യയും അവരുടെ ഡ്രൈവർമാരും അങ്ങിനെ ചിലരാണ് അവിടെ ഉണ്ടായിരുന്നത്.
അവർ ഓരോരുത്തരും വ്‌ലോഗ് എടുക്കുകയായിരുന്നു. ഞങ്ങളുടെ ഫോൺ അവർ ബലമായി പിടിച്ചുവെച്ചു. നാളത്തെ യൂട്യൂബില്‍ നിങ്ങള്‍ ട്രെന്‍ഡിങ് വണ്‍ ആകുമെന്നാണ് ദിയ പറഞ്ഞത്. ഞങ്ങള്‍ കരയുന്നതിന്റെയെല്ലാം വിഡിയോ ഉണ്ട്. അതുപയോഗിച്ച് ഞങ്ങളെ നാണംകെടുത്തുമെന്നും ദിയ പറഞ്ഞു. ഞങ്ങള്‍ക്കെതിരേ വധഭീഷണിയും ദിയ മുഴക്കി. അവര്‍ ഞങ്ങളെ കസ്റ്റഡിയില്‍ വെച്ചതുപോലെയായിരുന്നു’’ – വനിതാ ജീവനക്കാർ ആരോപിച്ചു.
‘‘പൊലീസ് ആണെന്നു പറയുന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. സന്തോഷ് എന്നാണ് അയാൾ പേര് പറഞ്ഞത്. ഞങ്ങള്‍ സ്റ്റേഷനില്‍ ഫോട്ടോ കാണിച്ചപ്പോഴാണ് അയാള്‍ പൊലീസല്ലെന്ന് വ്യക്തമായത്. ദിയയുടേത് വല്ലാത്തതരം സ്വഭാവമാണ്. എല്ലാത്തിനും വീട്ടുകാരെ വലിച്ചിഴയ്ക്കും. ഇവര്‍ ആ ജാതിയില്‍ ഉള്ളവരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ പറ്റുന്നത് എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നതിന്റെ റെക്കോഡിങ് ഞങ്ങളുടെ കയ്യിലുണ്ട്. ഞങ്ങളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
രാവിലെ 11-ന് പൂട്ടിയിട്ടിട്ട് വൈകിട്ട് 6.45-നാണ് പുറത്തുവിടുന്നത്. അത്രനേരം ഫോണ്‍ ഇല്ലായിരുന്നു. എന്റെ ഭര്‍ത്താവിനെ പുറത്തുവിട്ട് മാലയൊക്കെ പണയംവെച്ച് പണം എത്തിക്കാന്‍ പറഞ്ഞു. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്’’ - ജീവനക്കാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.