തൃശൂര്‍; വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്ക്കൂ എന്നും ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള എല്‍ഡിഎഫ്- യുഡിഎഫ് ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
നിയമസഭാ തിരഞ്ഞെടുപ്പു വരെയുള്ള അടുത്ത എട്ടുമാസവും ഇരുമുന്നണികളും വികസന രാഷ്ട്രീയം പറയില്ലെന്നും ഒരു സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഭാരതമാതാവിന് എതിരെ പറയുക, ആര്‍എസ്എസിനെതിരെ പറയുക എന്നതാണ് അവരുടെ പുതിയ തന്ത്രം. ആ കുഴിയില്‍ വീഴാന്‍ ബിജെപി തയ്യാറല്ല. ബിജെപിയുടെയും എന്‍ഡിഎയുടെയും വികസിത കേരളം എന്ന കാഴ്ചപ്പാടുമാത്രമേ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കൂ, തൃശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.‘‘ഇടതുപക്ഷവും യുഡിഎഫും കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത് അപകട രാഷ്ട്രീയമാണ്. അ(അഴിമതി), പ(പ്രീണനം), ക(കള്ളം) ടം(കടം) എന്നിവയാണ് പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയം. കടം വാങ്ങിച്ചു ജീവിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ സര്‍ക്കാരുകളുടെ അവസ്ഥയും മറിച്ചല്ല. യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷം രാജ്യത്തു നടന്ന അഴിമതികള്‍ നമുക്കോര്‍മയുണ്ട്.
നിക്ഷേപങ്ങളില്ലാത്തതും ഉയർന്ന തൊഴിലില്ലായ്മ നിരക്കും വിലക്കയറ്റവും കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയ യുപിഎ ഭരണത്തെ ജനങ്ങള്‍ വലിച്ചെറിഞ്ഞതാണ്. സമാനമായ അവസ്ഥയാണ് കേരളത്തിലുമുള്ളത്. ഇത്തരത്തില്‍ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ഭാരതാംബ വിവാദവുമായി സിപിഎം രംഗത്തുള്ളത്. ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടും.’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.‘‘ന്യൂനപക്ഷ സമൂഹങ്ങളെ ഭയപ്പെടുത്തി തിരഞ്ഞെടുപ്പ് വിജയിക്കുക എന്ന യുഡിഎഫ് തന്ത്രത്തെപ്പറ്റി ബിജെപി മുന്നറിയിപ്പ് നല്‍കുകയാണ്. നിലമ്പൂരില്‍ കണ്ടതും അതു തന്നെയാണ്.
ബിജെപിയും എന്‍ഡിഎയും നിലമ്പൂരില്‍ മുന്നോട്ടുവച്ചത് വികസനം എന്ന കാഴ്ചപ്പാടാണ്. എന്നാല്‍ ഇടതുപക്ഷവും യുഡിഎഫും നിലമ്പൂരില്‍ ചെയ്തത് മതസാമുദായിക ശക്തികളെ പ്രീണിപ്പിച്ചു കൂടെനിര്‍ത്തി വിജയിക്കാനുള്ള ശ്രമം മാത്രമാണ്. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെയും ഇടതുപക്ഷം പിഡിപിയെയും കൂടെക്കൂട്ടി. നിലമ്പൂരില്‍ വിജയിച്ചത് ആര്യാടന് ഷൗക്കത്താണോ? ജമാഅത്തെ ഇസ്ലാമിയാണ് അവിടെ വിജയിച്ചത്. ഇടതുപക്ഷത്തിന്റെ വോട്ട് വിഭജിച്ചുപോയതോടെയാണ് യുഡിഎഫിന് വിജയിക്കാനായത്. യുഡിഎഫിന് വിജയിക്കണമെങ്കില്‍ സംസ്ഥാനത്ത് 26-27 സീറ്റുകള്‍ കൂടി നേടേണ്ടതുണ്ട്.
അതവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികള്‍ നിലമ്പൂരില്‍ വിജയിച്ചേക്കാം, എന്നാല്‍ മറ്റൊരിടത്തും അതു നടക്കില്ല. 2026ല്‍ യുഡിഎഫ് വിജയിക്കും എന്നത് സ്വപ്നം മാത്രം. ഓരോ തദ്ദേശ സ്വയംഭരണ മേഖലകളിലെയും വികസന പദ്ധതികളും യുവാക്കള്‍ക്ക് വേണ്ട ആവശ്യങ്ങളും ബിജെപി ഉന്നയിക്കും. ബിജെപിയുടെ വികസിത കേരളം എന്ന കാഴ്ചപ്പാട് ജനങ്ങള്‍ സ്വീകരിച്ച് പാര്‍ട്ടിയെ വിജയിപ്പിക്കുമെന്നുറപ്പാണ്.’’ – രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.