എന്ത് നടപടി എടുത്താലും ഒരു ചുക്കുമില്ല സർവ്വീസ് മടുത്തെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍.

തിരുവനന്തപുരം; ആശുപത്രിയില്‍ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് സംബന്ധിച്ച് മാസങ്ങള്‍ക്കു മുന്‍പ് മന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എന്തു നടപടി ഉണ്ടായാലും പ്രശ്‌നമില്ല. വിഷയം പരിഹരിക്കാമെന്ന് മന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയതായി ബന്ധുവായ സിപിഎം നേതാവ് പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും ഡോ.ഹാരിസ് പറഞ്ഞു.ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതില്‍ കടുത്ത നിരാശ പങ്കുവച്ചാണ് ഡോ.ഹാരിസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്.

ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതില്‍ ലജ്ജയും നിരാശയുമുണ്ടെന്ന് ഡോ.ഹാരിസ് കുറിച്ചു. കോളജ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല. പിരിച്ചു വിട്ടോട്ടെ എന്നായിരുന്നു ഡോക്ടറുടെ വൈകാരിക കുറിപ്പ്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

അതേസമയം, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഡോ.ഹാരിസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ‘‘വകുപ്പ് മേധാവി ആയതിനു ശേഷം പല തവണ സര്‍ക്കാരിനെ അറിയിച്ച കാര്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. എല്ലാ പ്രശ്‌നങ്ങളും അധികൃതരെ കണ്ട് ബോധ്യപ്പെടുത്തിയിട്ടും അതത് സമയങ്ങളില്‍ നടപടിളൊന്നും ഉണ്ടായില്ല. രോഗീപരിചരണത്തെ ഇത് വല്ലാതെ ബാധിക്കുന്നത് മൂലം വകുപ്പ് മേധാവിയെന്ന നിലയില്‍ കടുത്ത സമ്മര്‍ദമാണ് അനുഭവിക്കേണ്ടിവരുന്നത്. ചികിത്സയ്ക്ക് എത്തുന്ന ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ കഴിയാത്തതില്‍ വല്ലാത്ത പ്രയാസം തോന്നിയപ്പോഴാണ് പോസ്റ്റിട്ടതും ലീവെടുത്തതും. 

ജോലി രാജിവച്ച് പോകണമെന്ന് വിചാരിച്ചതും അതുകൊണ്ടാണ്.’’ – ഡോ. ഹാരിസ് പറഞ്ഞു. ‘‘ഇന്നലെ രാത്രിയാണ് പോസ്റ്റ് എഴുതിയത്. രാവിലെ പ്രിന്‍സിപ്പലും ഡിഎംഇയും മറ്റും വിളിച്ച് പോസ്റ്റ് പിന്‍വലിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞു. പക്ഷേ അവര്‍ പല പ്രാവശ്യം ഇതൊക്കെ പറഞ്ഞിട്ടുള്ളതുകൊണ്ട് ഒന്നും നടക്കില്ലെന്ന് എനിക്കറിയാം. സര്‍ക്കാരിന്റെയും സുഹൃത്തൃക്കളുടെയും ശ്രദ്ധയില്‍ പെടുത്തണമെന്ന് കരുതി മാത്രമാണ് പോസ്റ്റിട്ടത്.

വിഷയം ഇത്രയും ചര്‍ച്ചയാകുമെന്ന് കരുതിയില്ല. നിരവധി പേര്‍ വിളിച്ചതു കൊണ്ടു ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. പിന്നീട് ഡോക്ടറായ ഭാര്യയെ  പലരും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത് എന്താണെന്നു ചോദിച്ചു. തുടര്‍ന്ന് സിപിഎം നേതാവും ബന്ധുവുമായ കരമന ഹരി വിളിച്ച് മന്ത്രിയുടെ ഓഫിസില്‍നിന്ന് വിളിച്ച് കാര്യങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും പറഞ്ഞു. അദ്ദേഹം ഉറപ്പു പറഞ്ഞതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്.’’ – ഡോ. ഹാരിസ് പറഞ്ഞു.

‘‘ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന ഡിഎംഇയുടെ വാദം വെള്ളപൂശാനാണ്. ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ശസ്ത്രക്രിയകള്‍ മാറ്റിവച്ചിരുന്നു. ഉപകരണങ്ങള്‍ എന്നു വരും എന്നറിയില്ല. മൂന്നു മാസം മുന്‍പ് ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ വിദേശത്തുനിന്നു വരണമെന്നാണ് പറയുന്നത്. എന്റെ കൈയില്‍നിന്ന് പണം കൊടുക്കാമെന്നു പറഞ്ഞിട്ടും അധികൃതര്‍ അത് കണക്കിലെടുക്കുന്നില്ല. ഏഴെട്ടു മാസം മുന്‍പും ഇതേ പ്രശ്‌നം ഉണ്ടായത്. 

രോഗികളോടു പറഞ്ഞ് എച്ച്ഡിഎസിന് അവര്‍ പണം അടയ്ക്കുന്നുണ്ട്. ഭാവിയില്‍ എത്തുന്ന രോഗികള്‍ക്കു പ്രശ്‌നം നേരിടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ അത്തരത്തില്‍ പിരിച്ച പണം 50 ലക്ഷത്തോളം ആയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരുപാട് ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങും. മാസങ്ങള്‍ക്കു മുന്‍പുതന്നെ മന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ നടപടി എടുത്താലും ഒരു പ്രശ്‌നവുമില്ല. സര്‍വീസ് തന്നെ മടുത്തിരിക്കുകയാണ്. അപ്പോള്‍ പിന്നെ എന്തുവന്നാലും നേരിടാം. 

സംവിധാനത്തിനു നാണക്കേട് ഉണ്ടാകുമെന്ന് കരുതി സത്യം മൂടിവയ്ക്കാനില്ല.’’ – ഡോ. ഹാരിസ് പറഞ്ഞു. അതേസമയം, ഡോ. ഹാരിസിന്റേത് വൈകാരിക പ്രതികരണമാണെന്ന് ഡിഎംഇ പ്രതികരിച്ചു. ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നത്. അത് അടിയന്തര ശസ്ത്രക്രിയ ആയിരുന്നില്ലെന്നും ഡിഎംഇ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !