തിരുവനന്തപുരം;ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കുള്ള ചില വിമാന സർവ്വീസുകൾ റദ്ദാക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനം ഉൾപ്പെടെ വിവിധ സർവീസുകൾ റദ്ദാക്കി. ചില സർവിസുകളുടെ സമയം മണിക്കൂറുകളോളം വൈകുന്നുമുണ്ട്.
ബുധനാഴ്ച പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ-കോഴിക്കോട് വിമാനം, മംഗലാപുരം-ദുബൈ വിമാനം, കൊച്ചി-ഷാർജ വിമാനം, കണ്ണൂർ-ഷാർജ വിമാനം, വ്യാഴാഴ്ച പുറപ്പെടേണ്ട വിവിധ വിമാനങ്ങൾ എന്നിവ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള സർവീസുകളും റദ്ദാക്കപ്പെടുന്നവയിൽ ഉൾപ്പെടും. ബഹ്റൈൻ- കോഴിക്കോട്, കോഴിക്കോട്- ബഹ്റൈൻ സർവീസും റദ്ദാക്കിയിട്ടുണ്ട്. മേഖലയിലെ സാഹചര്യത്തിന് അനുസരിച്ച് വിമാന സർവിസുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ പരിശോധിക്കണം.
വിവിധ രാജ്യങ്ങൾ വ്യോമപാത അടച്ചതിനാൽ ഒമാൻ ആകാശപാതയിൽ തിരക്കേറിയതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാത അനുവദിക്കുന്നില്ലാത്തതിനാൽ ഈ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ പലതും ഒമാൻ വ്യോമപാതയിലേക്ക് മാറിയിരിക്കുകയാണ്.
ഇതോടെ ഈ പാതയിൽ എയർട്രാഫിക് ഗണ്യമായി വർധിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വിമാന സർവീസുകൾ താളം തെറ്റുന്നത് നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കുക. പ്രത്യേകിച്ച് ഗൾഫിലെ വേനലവധിക്ക് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്ന സമയം കൂടിയാണ് എന്നതിനാൽ നിരവധി പേർക്ക് വലിയ പ്രയാസം സൃഷ്ടിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.