തിരുവനന്തപുരം; യുദ്ധസാഹചര്യത്തിൽ ഇറാനിൽനിന്ന് ഷാർജയിലേക്ക് പോകാൻ മലപ്പുറം സ്വദേശി അഫ്‌സൽ ബന്ദർ അബ്ബാസ് തുറമുഖത്തിൽ തയാറായി നിൽക്കുമ്പോഴാണ് തൊട്ടടുത്ത് ആക്രമണം ഉണ്ടായത്.
ബിസിനസ് ആവശ്യത്തിനായി ദുബായിൽനിന്ന് ഇറാനിലെത്തിയ അഫ്സലും സുഹൃത്തും ഒരു കിലോമീറ്ററോളം ഓടിയാണ് രക്ഷപ്പെട്ടത്. യാത്ര മുടങ്ങിയതോടെ ഇരുവരും ഹോട്ടലിൽ അഭയം തേടി. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ലെന്ന് അഫ്സൽ പറഞ്ഞു. പുലർച്ചെ ഇന്റർനെറ്റ് പുനസ്ഥാപിക്കപ്പെട്ടപ്പോഴാണ് അഫ്സൽ സംസാരിച്ചത്. പിന്നീട് അഫ്സലിനെ ബന്ധപ്പെടാനായില്ല.‘‘ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് രാത്രിയിൽ എത്തി.ടിക്കറ്റ് എടുക്കാനുള്ള ശ്രമങ്ങൾ ആദ്യം നടന്നില്ല. രാത്രി 11 മണിക്കുള്ള കപ്പലിൽ ഷാർജയിലേക്കുള്ള ടിക്കറ്റ് വളരെ ബുദ്ധിമുട്ടി എടുത്തു. ഒമാനിലേക്കുള്ള കപ്പൽ അപ്പോൾ പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു. ഞങ്ങൾ പോകാന്‍ തയാറെടുക്കുമ്പോഴാണ് തുറമുഖത്തിന് അടുത്ത് വലിയ സ്ഫോടനം ഉണ്ടായത്. ഒരു കിലോമീറ്ററോളം ഓടിയാണ് രക്ഷപ്പെട്ടത്. ഇപ്പോൾ തൊട്ടടുത്തുള്ള നഗരത്തിലെ ഹോട്ടലിലാണ് ഉള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല’’–അഫ്സൽ പറഞ്ഞു
മലപ്പുറം തിരൂരങ്ങാടി അബ്ദുറഹിമാന്‍ നഗര്‍ സ്വദേശിയാണ് അഫ്‌സല്‍. ഒപ്പമുള്ള മുഹമ്മദ് കോട്ടയ്ക്കല്‍ പരപ്പൂര്‍ സ്വദേശിയാണ്. യെസ്ദ് എന്ന സ്ഥലത്ത് ഒരു ഇറാനിയന്‍ കുടുംബത്തിന്റെ വീട്ടിലാണ് അഫ്‌സലും സുഹൃത്തും നേരത്തേ കഴിഞ്ഞിരുന്നത്. ടെഹ്‌റാനിലെ തെരുവില്‍ നൂറു മീറ്റര്‍ അകലെ ഉണ്ടായ സ്‌ഫോടനത്തില്‍ നിന്ന് കഷ്ടിച്ചാണ് അഫ്സൽ രക്ഷപ്പെട്ടത്. ആക്രമണത്തിന് ദിവസങ്ങൾക്കു മുൻപാണ് ഇരുവരും ടെഹ്‌റാനില്‍ എത്തിയത്.
ഇസ്രയേല്‍ ആക്രമണത്തിനു സാധ്യതയുണ്ടെന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടെങ്കിലും ഇത്രത്തോളം കടുത്ത ആക്രമണം ടെഹ്‌റാനില്‍ ഉണ്ടാകുമെന്നു കരുതിയിരുന്നില്ല. ടെഹ്‌റാനിലെ ഹോട്ടലിലാണു തങ്ങിയിരുന്നത്. ആക്രമണം ശക്തമായതോടെ രണ്ടു ദിവസം ഹോട്ടല്‍ മുറിയില്‍ത്തന്നെ തുടര്‍ന്നു. പുറത്തു വലിയ ശബ്ദം കേട്ടു. ഹോട്ടലും ആക്രമിക്കപ്പെടുമെന്ന ഭയത്തോടെയാണ് കഴിഞ്ഞത്. മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകള്‍. ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടപ്പോള്‍, നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ സുരക്ഷിതമായി ഇരിക്കാൻ പറഞ്ഞു.
എംബസി കെട്ടിടത്തിലേക്ക് പോയപ്പോൾ തൊട്ടടുത്ത് സ്ഫോടനമുണ്ടായി. ടെഹ്‌റാനില്‍നിന്നു സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കു പോകാനൊരുങ്ങിയ ഇറാനിയന്‍ കുടുംബമാണ് രക്ഷയ്‌ക്കെത്തിയത്. അവര്‍ കാറിൽ ഒപ്പം കൂട്ടി.
ഏതാണ്ട് പത്തു മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്തു. യാത്രയ്ക്കിടയിലും, ഇറാനും ഇസ്രയേലും പരസ്പരം തൊടുക്കുന്ന മിസൈലുകള്‍ തലയ്ക്കു മുകളിലൂടെ ചീറിപ്പാഞ്ഞു. മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ യെസ്ദ് എന്ന സ്ഥലത്ത് എത്തി. അവിടെ ഇറാനിയന്‍ കുടുംബത്തിന്റെ വീട്ടിലാണു പിന്നീട് ഇരുവരും കഴിഞ്ഞത്. പിന്നീട് ഷാർജയിലേക്ക് പോകാനായി തുറമുഖത്ത് എത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.