തിരുവനന്തപുരം; ജന്മനാട്ടില് എം.സ്വരാജിന് അടിപതറിയപ്പോള്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ചയാക്കുന്നത് തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചു നടത്തിയ പരാമര്‍ശം.
അടിയന്തരാവസ്ഥയ്ക്കു പിന്നാലെ ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടാക്കിയിരുന്നുവെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ഗോവിന്ദന് പറഞ്ഞത് പ്രതിപക്ഷം പ്രചാരണായുധമാക്കിയതോടെ ഇടതുമുന്നണി കടുത്ത പ്രതിരോധത്തിലായിരുന്നു. ആര്‍എസ്എസ് എന്നല്ല ഉദ്ദേശിച്ചത് ജനത പാര്‍ട്ടിയെക്കുറിച്ചാണെന്ന് പിന്നീട് ഗോവിന്ദനും മുഖ്യമന്ത്രിയും വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും സ്വരാജിനെതിരെയുള്ള മികച്ച ആയുധമായി അതു മാറിക്കഴിഞ്ഞിരുന്നു.2014ല്‍ കൊല്ലത്ത് എം.എ.ബേബിയുടെ പരാജയത്തിനിടയാക്കിയ മുഖ്യമന്ത്രിയുടെ 'പരനാറി' പ്രയോഗത്തിനും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യം' പരാമര്‍ശത്തിനും സമാനമായാണ് ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശവും ചര്‍ച്ചയായത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വീണു കിട്ടിയ ആയുധം യുഡിഎഫ് നന്നായി ഉപയോഗിച്ചതോടെ സ്വരാജിന്റെ പതനം ഉറപ്പായി.
ആര്‍എസ്എസ് പരാമര്‍ശം സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഗോവിന്ദന് പറഞ്ഞെങ്കിലും നിലമ്പൂരിലെ വോട്ടര്‍മാര്‍ അതു നന്നായി ചര്‍ച്ച ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് കൊല്ലത്തിട്ട 'പരനാറി' ബോംബില്‍ പൊട്ടിച്ചിതറിയത് പോളിറ്റ് ബ്യറോ അംഗമായിരുന്ന എം.എ.ബേബിയുടെ വിജയമോഹമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍.കെ.പ്രേമചന്ദ്രനെ 'പരനാറി' എന്നു വിശേഷിപ്പിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.എ. ബേബിക്കു വന്‍ തിരിച്ചടിയായത്.
മികച്ച രാഷ്ട്രീയപോരാട്ടം നടന്നിരുന്ന മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുന്നതാണ് പിന്നീടു കണ്ടത്. എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് എതിര് സ്ഥാനാര്‍ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്.
തിരഞ്ഞെടുപ്പിനു തൊട്ടുമുന്പുവരെ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ആര്‍എസ്പി സീറ്റു നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി യുഡിഎഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്.'പരനാറി' പ്രയോഗത്തിനെതിരെ യുഡിഎഫ് രംഗത്തുവരികയും പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുകയും ചെയ്തതോടെ കൊല്ലത്തെ 'രാഷ്ട്രീയ കാലാവസ്ഥ' മാറി.
പ്രേമചന്ദ്രന് 37,649 വോട്ടുകള്‍ക്ക് ജയിച്ചു. കുണ്ടറ എംഎല്‍എയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന എം.എ. ബേബി പരാജയപ്പെട്ടു. എം.എ. ബേബിയുടെ പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലും പിണറായി വിജയന്, പ്രേമചന്ദ്രനെതിരെ 'പരനാറി' പ്രയോഗം നടത്തിയിരുന്നു. പ്രസ്താവനയ്ക്കെതിരെ മുന്നണിക്കുള്ളില്‍ എതിര്‍പ്പുണ്ടായി. സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു.
എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബേബിയുടെ ഭൂരിപക്ഷം 14,793 വോട്ട് ആയിരുന്നു. കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍ പോകുന്ന സ്ഥിതിയുണ്ടായി. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്ന എം.എ.ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മുതിര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
2022ല്‍ പി.ടി.തോമസിന്റെ വിയോഗത്തെ തുടര്‍ന്ന് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യം' പരാമര്‍ശവും വലിയ തോതില്‍ തിരിച്ചടിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയിലെ വോട്ടര്മാര്ക്കുണ്ടായിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിഷേധാര്‍ഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നു പി.ടി.തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഉമ തോമസ് പ്രതികരിച്ചതോടെ വിവാദം കത്തി.
പി.ടി.തോമസിനെപോലെ ഒരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും ഉമ തോമസ് ചോദിച്ചു. വന്‍ഭൂരിപക്ഷത്തോടെയാണ് തൃക്കാക്കര ഉമയെ നിയമസഭയിലേക്ക് അയച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.