മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക ദേവാലയത്തിന്റെ കൂദാശ കര്‍മ്മം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ജൂലൈ 12 ശനിയാഴ്ച മെല്‍ബണ്‍ സമയം രാവിലെ 9.30ന് നിര്‍വ്വഹിക്കുന്നു.
മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മെല്‍ബണ്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂര്‍, മെല്‍ബണ്‍ അതിരൂപത സഹായ മെത്രാന് ആന്റണി ജോണ്‍ അയര്‍ലന്‍ഡ്, വാഗ വാഗ രൂപത ബിഷപ്പ് മാര്‍ക്ക് എഡ്വേര്‍ഡ്, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സിലര്‍ ഫാദര്‍ സിജീഷ് പുല്ലന്‍കുന്നേല്‍, ഓസ്ട്രേലിയയിലെ വിവിധ രൂപതകളിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലും സേവനം ചെയ്യുന്ന വൈദികര്‍, മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഓസ്ട്രേലിയയിലെ ഫെഡറല്‍-സ്റ്റേറ്റ് മന്ത്രിമാര്‍, എം.പിമാര്‍, സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉള്‍പ്പെടെ 2000 ഓളം പേര് കൂദാശകര്‍മ്മത്തില്‍ പങ്കെടുക്കും.
രാവിലെ 9 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പിതാവിന് ദേവാലയങ്കണത്തില്‍ സ്വീകരണം നല്‍കും. ദേവാലയ കൂദാശയുടെ ശിലാഫലകം മാര്‍ റാഫേല്‍ തട്ടില്‍ അനാച്ഛേദനം ചെയ്യും. തുടര്‍ന്ന് നാട മുറിച്ച്, ദേവാലയത്തിന്റെ പ്രധാന വാതില്‍ തുറന്നുകൊണ്ട് അഭിവന്ദ്യ പിതാവ് ദേവാലയത്തിലേക്ക് പ്രവേശിക്കും. ദേവാലയ കൂദാശകര്‍മ്മത്തിനു ശേഷം മേജര്‍ ആര്‍ച്ച് മാര്‍ ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, മാര്‍ ബോസ്കോ പുത്തൂര്‍, രൂപത വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, കത്തീഡ്രല്‍ വികാരി ഫാദര്‍ മാത്യൂ അരീപ്ലാക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.
2013 ഡിസംബര്‍ 23 നാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ മെല്‍ബണ്‍ ആസ്ഥാനമായി ഇന്‍ഡ്യക്ക് പുറത്തെ രണ്ടാമത്തെ സീറോ മലബാര്‍ രൂപതയായി മെല്‍ബണ്‍ രൂപത പ്രഖ്യാപിച്ചത്.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ പണി പൂര്‍ത്തീകരിച്ച ആറാമത്തെ ദേവാലയമാണ് മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് ഇടവക ദേവാലയം. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നായ, ആയിരത്തിഒരുന്നൂറോളം കുടുംബങ്ങളുള്ള മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവകയിലെ വിശ്വാസീസമൂഹത്തിന്റെ കഴിഞ്ഞ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും കൂട്ടായ്മയുടെയും സാമ്പത്തികസഹകരണത്തിന്റെയും ഫലമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂദാശക്കായി ഒരുങ്ങുന്ന മെല്‍ബണ്‍ സൗത്ത് ഈസ്സ് ഇടവക ദേവാലയം.
2015 ലാണ് അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവ് മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് സീറോ മലബാര്‍ സമൂഹത്തെ ഇടവകയായി പ്രഖ്യപിക്കുന്നത്. 2016 ല്ഡാന്ഡിനോങ്ങ് സിറ്റിയില്‍ നിന്നും അധിക ദൂരത്തിലല്ലാതെ ഡാന്‍ഡിനോങ്ങ്-ഫ്രാങ്ക്സ്റ്റണ്‍ റോഡിനരികെ 525-531 എന്ന അഡ്രസിലുള്ള ഏഴ് ഏക്കറോളം വരുന്ന സ്ഥലം മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക സ്വന്തമാക്കുന്നത്.
2022 സെപ്റ്റംബര്‍ 23 ന് മെല്‍ബണ്‍ രൂപതയുടെ പ്രഥമ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. 1500 സ്ക്വയര്‍ മീറ്ററില്‍ പൗരസ്ത്യപാരമ്പര്യ തനിമകളോടെ അതിമനോഹരമായാണ് മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് ഇടവക ദേവാലയം നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്. 1000 ഓളം പേര്‍ക്ക് ഒരേസമയം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം ദേവാലയത്തില്‍ ഉണ്ട്. 250 ഓളം കാര്‍ പാര്‍ക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിശ്വാസപരിശീലനത്തിനുപകരിക്കുന്ന ക്ലാസ് മുറികള്‍ക്കുള്ള സംവിധാനങ്ങളും അനുബന്ധ സൗകര്യങ്ങളും ദേവാലയത്തോട് ചേര്‍ന്ന് ഒരുക്കും. ഇടവക ജനത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ കമ്മ്യുണിറ്റി സെന്ററിന്റെ നിര്‍മ്മാണവും അധികം വൈകാതെ ആരംഭിക്കും.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍, ഇടവക വികാരിയും രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് കോലഞ്ചേരി, അസിസ്റ്റന്റ് വികാരിമാരായ ഫാദര്‍ ജിനു കുര്യന്, ഫാദര്‍ സജി ഞവരക്കാട്ട്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ബില്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ദേവാലയ കൂദാശകര്‍മ്മം ഏറ്റവും മനോഹരമായും ഭക്തിനിര്‍ഭരമായും ക്രമീകരിക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക ദേവാലയം എന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും സാമ്പത്തികമായി സഹകരിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ആത്മീയ ചൈതന്യം തുളുമ്പുന്ന ദേവാലയ കൂദാശകര്‍മ്മത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഇടവക വികാരി മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സീസ് കോലഞ്ചേരി അറിയിച്ചു.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ദേവാലയ കൂദാശയോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന സുവനീയറിന്റെയും തീം സോങ്ങിന്റെയും പ്രകാശനകര്‍മ്മവും ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.