ഛോട്ടാ മുംബൈ റീറിലീസ് ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ജൂൺ ആറിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിനായി ആരാധകർ ആവേശപൂർവമാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ഫാൻ ഷോകളും ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം തുടങ്ങിയിരിക്കുന്നത്.
റീറിലീസിൽ മികച്ച പ്രതികരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ ആ കണക്കുകൂട്ടലുകളെ കവച്ചുവെക്കുന്ന പ്രകടനമാണ് ചിത്രം നടത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ സീറ്റിങ് കപ്പാസിറ്റി ഉള്ള തിയേറ്ററായ കവിതയിൽ രാത്രി പന്ത്രണ്ട് മണിയ്ക്ക് വെച്ച എക്‌സ്ട്രാ ഷോ നിമിഷനേരം കൊണ്ടാണ് ഹൗസ്ഫുൾ ആയത്.സംസ്ഥാനത്തെ പല തിയേറ്ററുകളും ഛോട്ടാ മുംബൈ കൂടുതലായി ചാർട്ട് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. പുതുതായി വരുന്ന ഓരോ സ്‌ക്രീനും ഷോകളും അതിവേഗമാണ് ഹൗസ്ഫുൾ ആകുന്നത്. റിലീസ് ആഴ്ചയിൽ ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുമെന്നാണ് ട്രാക്കേഴ്‌സ് കണക്കുക്കൂട്ടുന്നത്. ഛോട്ടാ മുംബൈയ്ക്ക് മുൻപ് റീറിലീസായി തിയേറ്ററുകളിലെത്തിയ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ സിനിമകളും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അവയുടെ കളക്ഷൻ റെക്കോർഡുകൾ തലയും ഗ്യാങും തകർക്കുമോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. എമ്പുരാൻ, തുടരും എന്നീ വമ്പൻ വിജയങ്ങൾക്ക് പിന്നാലെയാണ് റീറിലീസിലും മോഹൻലാൽ തിയേറ്ററുകൾ പിടിച്ചെടുക്കുന്നത് എന്ന ഇരട്ടി മധുരം കൂടി ലാലേട്ടൻ ഫാൻസ് പങ്കുവെക്കുന്നുണ്ട്. എമ്പുരാൻ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് പദവി സ്വന്തമാക്കിയെങ്കിൽ തുടരും ഒടിടി റിലീസിന് ശേഷവും തിയേറ്ററിൽ പ്രേക്ഷകരെ നേടുന്നുണ്ട്.കേരള ബോക്‌സ് ഓഫീസിലെ ഒന്നാം സ്ഥാനവും തുടരുമിനാണ്.സത്യൻ അന്തിക്കാട് സംവിധാനത്തിലെത്തുന്ന ഹൃദയപൂർവ്വം ആണ് മോഹൻലാലിന്റെ റിലീസ് കാത്തിരിക്കുന്ന അടുത്ത ചിത്രം. ഓണത്തിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ഇതിനിടെ വൃഷഭ, കണ്ണപ്പ എന്നീ മറ്റ് ഭാഷാ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.