മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ചതിന്റെ പേരില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി എഴുത്തുകാരി കെ ആര് മീര. എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തില്‍ പ്രതിധ്വനിക്കുമെന്ന് മീര പറഞ്ഞു.
തന്റെ രാഷ്ട്രീയവും നിലപാടുകളും തന്റെ രചനകളിലുണ്ടെന്നും സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് പരസ്യപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് എഴുത്തുകാരാണെന്നും മീര കുറിച്ചു. 'എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നു പറയുന്നവര്‍ അറിയാന്‍,' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് മീര പ്രതികരിച്ചത്. ജനാധിപത്യവ്യവസ്ഥയില്‍, ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കാനുള്ള അവകാശം എഴുത്തുകാര്‍ക്ക് നിഷേധിക്കാനോ എഴുത്തുകാര്‍ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കണമെന്ന് നിര്‍ബന്ധിക്കാനോ ആര്‍ക്കും അധികാരമില്ലെന്ന് കെ ആർ മീര പറഞ്ഞു. എഴുത്തുകാര്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യവിശ്വാസികളല്ല.ലോക ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങള്‍ക്കും ചാലകശക്തിയായി എഴുത്തുകാരും അവരുടെ കൃതികളും ഉണ്ടായിരുന്നു. ഇനിയും അത് തുടരും. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെയും എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും പൂര്‍ണ്ണപൗരത്വമാണ് തന്റെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും മാര്‍ഗദീപമെന്നും അവര്‍ പറഞ്ഞു.സ്ത്രീവിരുദ്ധതയാണ് എല്ലാത്തരം ഫാസിസത്തിന്റെയും തുടക്കം എന്നു വിശ്വസിക്കുന്നവര്‍ക്ക് എന്നോടൊപ്പം നില്ക്കാം, അവരോടൊപ്പം ഞാനും നില്ക്കുന്നു. ജനാധിപത്യമര്യാദകള്‍ വാക്കിലും പ്രവൃത്തിയിലും പാലിക്കാത്തവരും പുരോഗമനാശയങ്ങളെ തള്ളിപ്പറഞ്ഞ് സമൂഹത്തെ പിന്നോട്ടു നയിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും കക്ഷികളില്‍നിന്നും അകന്നുനില്ക്കാന് ശ്രദ്ധിക്കുന്നു. മിണ്ടാതിരുന്നാല്‍ എല്ലാവരുടെയും നല്ലകുട്ടിയാകാം. ഇനി അഥവാ മിണ്ടിയാല്‍ത്തന്നെ, മാധ്യമങ്ങള്‍ ആരുടെ പക്ഷത്താണോ അവര്‍ക്കു വേണ്ടി നിലകൊണ്ടാലും പേടിക്കാനില്ല. പക്ഷേ, മെച്ചപ്പെട്ട ലോകം സ്വപ്നം കാണുന്ന പുതിയ തലമുറയെ മുന്നില്‍ക്കാണുന്നു. അവര്‍ക്കെങ്കിലും യഥാര്‍ത്ഥ ജനാധിപത്യം അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്ന് ആഗ്രഹമുണ്ടാകുന്നു', മീര പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംഎഴുത്തുകാര് രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നു പറയുന്നവര്‍ അറിയാന്‍, എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ സാഹിത്യത്തില്‍ പ്രതിധ്വനിക്കും. എന്റെ രാഷ്ട്രീയവും നിലപാടുകളും എന്റെ രചനകളിലുണ്ട്. സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടു പരസ്യപ്പെടുത്തണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് എഴുത്തുകാരാണ്. പക്ഷേ, ജനാധിപത്യവ്യവസ്ഥയില്‍, ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കാനുള്ള അവകാശം എഴുത്തുകാര്‍ക്കു നിഷേധിക്കാനോ എഴുത്തുകാര്‍ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണയ്ക്കണമെന്നു നിര്‍ബന്ധിക്കാനോ ആര്‍ക്കും അധികാരമില്ല. എഴുത്തുകാര്‍ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരില്‍ അധിക്ഷേപിക്കുന്നവര്‍ ജനാധിപത്യവിശ്വാസികളല്ല.
ലോക ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ രാഷ്ട്രീയ സാമൂഹിക പരിണാമങ്ങള്‍ക്കും ചാലകശക്തിയായി എഴുത്തുകാരും അവരുടെ കൃതികളും ഉണ്ടായിരുന്നു. ഇനിയും അതു തുടരും. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെയും എല്ലാത്തരം ന്യൂനപക്ഷങ്ങളുടെയും പൂര്‍ണ്ണപൗരത്വമാണ് എന്റെ സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും മാര്‍ഗദീപം.
സ്ത്രീവിരുദ്ധത വച്ചുപുലര്‍ത്തിക്കൊണ്ട് മതവര്‍ഗീയതയെയും ജാതീയതയെയും ന്യൂനപക്ഷ വിരുദ്ധതയെയും ഇതിന്റെയെല്ലാം ഭീമരൂപമായ ഫാസിസത്തെയും പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കാത്ത വ്യക്തികളെയും സ്ത്രീപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയുള്ളവരും ജെന്‍ഡര്‍ ജസ്റ്റിസ് നടപ്പിലാക്കുന്നതില്‍ പ്രതിബദ്ധത പ്രകടിപ്പിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും മാത്രമേ ഞാന്‍ പിന്തുണയ്ക്കുകയുള്ളൂ.
സ്ത്രീവിരുദ്ധതയാണ് എല്ലാത്തരം ഫാസിസത്തിന്റെയും തുടക്കം എന്നു വിശ്വസിക്കുന്നവര്‍ക്ക് എന്നോടൊപ്പം നില്ക്കാം, അവരോടൊപ്പം ഞാനും നില്ക്കുന്നു. ജനാധിപത്യമര്യാദകള്‍ വാക്കിലും പ്രവൃത്തിയിലും പാലിക്കാത്തവരും പുരോഗമനാശയങ്ങളെ തള്ളിപ്പറഞ്ഞു സമൂഹത്തെ പിന്നോട്ടു നയിക്കുകയും ചെയ്യുന്ന വ്യക്തികളില്‍നിന്നും കക്ഷികളില്‍നിന്നും അകന്നുനില്ക്കാന് ശ്രദ്ധിക്കുന്നു.
മിണ്ടാതിരുന്നാല്‍ എല്ലാവരുടെയും നല്ലകുട്ടിയാകാം. ഇനി അഥവാ മിണ്ടിയാല്‍ത്തന്നെ, മാധ്യമങ്ങള്‍ ആരുടെ പക്ഷത്താണോ അവര്‍ക്കു വേണ്ടി നിലകൊണ്ടാലും പേടിക്കാനില്ല. പക്ഷേ, മെച്ചപ്പെട്ട ലോകം സ്വപ്നം കാണുന്ന പുതിയ തലമുറയെ മുന്നില്‍ക്കാണുന്നു. അവര്‍ക്കെങ്കിലും യഥാര്‍ത്ഥ ജനാധിപത്യം അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്ന് ആഗ്രഹമുണ്ടാകുന്നു.എന്തു നിലപാട് എടുക്കണമെന്നു ഞാന്‍ ടാഗോറില്‍നിന്നു പഠിച്ചിട്ടുണ്ട്.
'ജോഡി തോര്‍ ഡാക് ഷുനെ കേവു ന അഷെ തൊബെ ഏക് ല ഛലോ രേ…' അര്‍ത്ഥം : 'നിങ്ങളുടെ വിളികേട്ട് ആരും ഒപ്പം വരുന്നില്ലെങ്കില്‍ ഒറ്റയ്ക്കു തന്നെ മുന്നോട്ടു പോകുക…'
(എന്‍.ബി: അടിയന്തരാവസ്ഥക്കാലത്ത് ഈ ഗാനം നിരോധിക്കപ്പെട്ടിരുന്നു. )
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.