ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇറാൻ്റെ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള റുഹോല്ല ഖൊമേനിക്ക് ഇന്ത്യയുമായുള്ള ബന്ധം ചര്‍ച്ചയാവുന്നു. 1979ൽ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുള്ള റുഹോല്ല ഖൊമേനിയ്ക്ക് ഉത്തര്‍പ്രദേശിലെ ബാരാബങ്കയുമായി ചെറുതല്ലാത്ത ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇറാനിൽ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ കെട്ടിപ്പെടുത്ത ആയത്തുള്ള റുഹോല്ല ഖൊമേനി മരണശേഷവും ഇറാനിലെ ഏറ്റവും ജനപ്രിയ നേതാവായി തുടരുകയാണ്. കറന്‍സികളില്‍, ക്ലാസ് മുറികളില്‍, പൊതുകെട്ടിടങ്ങളില്‍ തുടങ്ങി ഇറാനിലെ പല ചുമരുകളിലും അദ്ദേഹത്തിൻ്റെ രേഖാചിത്രങ്ങളുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കുകയും, പാശ്ചാത്യ പിന്തുണയുണ്ടായിരുന്ന മുഹമ്മദ് റെസ ഷായെ പുറത്താക്കിയും ഇറാനെ മാറ്റിമറിച്ച നേതാവാണ് ആയത്തുള്ള റുഹോല്ല ഖൊമേനി.ആയത്തുള്ളയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നാണ് 1983ല്‍ പുറത്തിറങ്ങിയ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒരു രാജ്യത്തെ സംബന്ധിച്ച് മതവും, രാഷ്ട്രീയവുമാണ് ഏറ്റവും പ്രധാനമെന്നായിരുന്നു ആയത്തുള്ളയുടെ നിലപാട്. 'ഇസ്ലാം എന്നാല്‍ ഒരു രാഷ്ട്രീയമാണ്' എന്നും അദ്ദേഹം ഒരിക്കല്‍ തന്റെ പ്രസംഗത്തിനിടെ വ്യക്തമാക്കിയിരുന്നു. മതത്തോടും അതിന്റെ വിശ്വാസങ്ങളോടും ഏറെ ചേർന്ന് നിന്നിരുന്ന നേതാവ് കൂടിയായിരുന്നു ആയത്തുള്ള.ചെറുപ്പകാലം മുതൽ റുഹോല്ല ഖൊമേനിയുടെ മതവിശ്വാസങ്ങള്‍ക്ക് കുടുംബപാരമ്പര്യത്തിൻ്റെ സ്വാധീനം ഉണ്ടായിരുന്നു. മുത്തച്ഛനായ സയ്യിദ് അഹമ്മദ് മുസാവി ഹിന്ദിയുടെ സ്വാധീനമായിരുന്നു അദ്ദേഹത്തിന്റെ മത-രാഷ്ട്രീയ ചിന്തകളുടെ അടിത്തറ. ഖോമേനിയുടെ ഇന്ത്യയുമായുള്ള ബന്ധം സയ്യിദ് അഹമ്മദിൽ നിന്നാണ് തുടങ്ങുന്നത്. ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ ബാരാബങ്കി എന്ന പട്ടണത്തില്‍ വേരുകളുള്ള ആളാണ് ആയത്തുള്ളയുടെ മുത്തച്ഛന്‍ അഹമ്മദ്. ഇവരുടെ കുടുംബത്തിൻ്റെ ഷിയാ വിശ്വാസത്തിന് ഇന്ത്യൻ വേരുകളുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പിന്നീട് ഇറാനെ ഷിയാ ഭരണത്തിലേക്ക് എത്തിച്ച റുഹോല്ല ഖൊമേനിയുടെ ആശയപരിസരം രൂപപ്പെട്ടത് ഈ നിലയിലുള്ള വിശ്വാസ പരിസരത്ത് നിന്നാണെന്നും വിലയിരുത്തലുകളുണ്ട്. ഇത്തരത്തിൽ രൂപപ്പെട്ട ദൃഢമായ മത-രാഷ്ട്രീയ വീക്ഷണമാണ് അമേരിക്ക-സൗദി സഖ്യത്തിന് ബദലായി ഇറാനെന്ന പുതിയ മത-രാഷ്ട്രീയ ആശയത്തെ രൂപപ്പെടുത്താനും പശ്ചിമേഷ്യയിലെ പ്രധാനശക്തിയായി ഇറാനെ മാറ്റിയെടുക്കാനും ആയത്തുള്ള റുഹോല്ല ഖൊമേനിയെ സഹായിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
1800 കാലഘട്ടത്തിൽ ഇന്ത്യയിൽ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലാണ് റുഹോല്ല ഖൊമേനിയുടെ മുത്തച്ഛൻ സെയ്ദ് അഹമ്മദ് മുസവി ഹിന്ദി ജനിച്ചത്. മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം ഇന്ത്യ ബ്രിട്ടീഷുകാരുടെ അധീനതയിലേക്ക് മാറിക്കൊണ്ടിരുന്ന സമയത്താണ് അഹമ്മദിന്റെ ജനനം. പിന്നീട് ലഖ്‌നൗവില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ മാറി ബാരാബങ്കിലായിരുന്നു ദീർഘകാലം അവർ ജീവിച്ചിരുന്നത്. മുസ്‌ലിം മതവിഭാഗക്കാര്‍ക്ക് പുനരുജ്ജീവനം ആവശ്യമാണെന്നും, സമൂഹത്തില്‍ മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടേതായ ഇടം വേണമെന്നും വിശ്വസിച്ചിരുന്ന നിരവധി മത പണ്ഡിതന്മാരില്‍ ഒരാള്‍ കൂടിയായിരുന്നു അഹമ്മദ്. വിശ്വാസത്തിന്റേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകള്‍ ജീവിക്കണമെന്ന് അടിയുറച്ച് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അഹമ്മദ് ഹിന്ദി.
അങ്ങനെ 1830കളില്‍ നജാഫിലെ അലിയുടെ ശവകുടീരം കാണുന്നതിനായി അദ്ദേഹം ഇന്ത്യ വിട്ട് ഇന്നത്തെ ഇറാനടക്കം ഉൾപ്പെടുന്ന അന്നത്തെ പേര്‍ഷ്യയിലേയ്ക്ക് പോയി.
അഹമ്മദ് തന്റെ ഇന്ത്യന്‍ വേരുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് 'ഹിന്ദി' എന്ന വാക്ക് പേരിനൊപ്പം ചേര്‍ത്തത്. അദ്ദേഹത്തിന്റെ പിതാവ് ദിന്‍ അലി ഷാ 1700-കളിലായിരുന്നു മധ്യ ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്.
പേർഷ്യയിൽ തിരിച്ചെത്തിയ അഹമ്മദ് ഹിന്ദിയുടെ കുടുംബം 1834ല്‍ ഇറാനിയന്‍ നഗരമായ ഖൊമെയ്‌നില്‍ വീട് വാങ്ങുകയും അവിടെ സ്ഥിരതാമസം ആരംഭിക്കുകയും ചെയ്തു. മതത്തെയും, ഇസ്‌ലാമിക വിശ്വാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു എപ്പോഴും അഹമ്മദിന്റെ ജീവിതം, തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരിലേക്ക് പടര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഖൊമെയ്‌നിലെ താമസ സമയത്ത് അഹമ്മദ് മൂന്ന് വിവാഹങ്ങള്‍ കഴിച്ചു. മൂന്ന് വിവാഹങ്ങളിൽ നിന്നുള്ള അഞ്ച് മക്കളിൽ ഒരാളായിരുന്നു ആയത്തുള്ള റോഹുല്ല ഖൊമേനിയുടെ അച്ഛന്‍ മുസ്തഫ. 1869 വരെയായിരുന്നു അഹമ്മദ് ഹിന്ദിയുടെ ജീവിതകാലം. ഇന്നത്തെ ഇറാഖിലെ കര്‍ബല നഗരത്തിലായിരുന്നു മരണശേഷം അഹമ്മദിനെ അടക്കം ചെയ്തത്.ആയത്തുള്ള റോഹുല്ല ഖൊമേനി ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഹമ്മദ് ഹിന്ദി ലോകത്തോട് വിട പറഞ്ഞിരുന്നു. അഹമ്മദ് തന്റെ ജീവിതകാലത്ത് ഉടനീളം അനുവര്‍ത്തിച്ച് പോന്നിരുന്ന വിശ്വാസങ്ങളും, മതപരമായ അനുഷ്ഠാനങ്ങളും കുടുംബത്തിന് പകര്‍ന്ന് നല്‍കിയിരുന്നു. അഹമ്മദിന്റെ ഈ പ്രവര്‍ത്തിയാണ് ആയത്തൊള്ള റോഹുല്ല ഖൊമേനി എന്ന അദ്ദേഹത്തിന്റെ കൊച്ചുമകൻറെ ഭാവി നിര്‍ണയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.