ടെഹ്റാന്: മൂന്നുദിവസമായി ഇസ്രയേല്‍ ഇറാനില്‍ തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 224 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 1277 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറല്‍ ഹസ്സന് മൊഹാകിഖും ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു . ജൂണ്‍ 13 മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ ദിവസം മധ്യ-വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ അഞ്ച് യുക്രൈന് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഇറാന് ഇസ്രയേലില്‍ ഇതുവരെ 270-ലധികം മിസൈലുകള്‍ പ്രയോഗിച്ചു. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി.
ഇസ്രയേലില്‍ ഗൌതം അദാനിയുടെ ഉടമസ്ഥതയിലുളള ഹൈഫ തുറമുഖത്തിനു നേരെയും ഇറാന്റെ മിസൈലാക്രമണം നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈഫ തുറമുഖത്തെയും സമീപത്തെ എണ്ണ ശുദ്ധീകരണശാലകളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. തുറമുഖത്തിന്റെ കെമിക്കല്‍ ടെര്‍മിനലില്‍ മിസൈലിന്റെ ചീളുകള്‍ പതിച്ചെങ്കിലും തുറമുഖം സുരക്ഷിതമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും ചരക്ക് നീക്കങ്ങള്‍ സുഖമമായി നടക്കുന്നുണ്ടെന്നും തുറമുഖവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ഇസ്രയേലിലെ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതിന് ഇറാന് കനത്ത വില നല്‍കേണ്ടിവരുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ ഇറാന് കുറ്റപ്പെടുത്തി. അമേരിക്ക ശത്രുതാപരമായ നിലപാട് തുടർന്നാൽ ഇറാന്റെ പ്രതികരണം കൂടുതല്‍ കടുത്തതായിരിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷേക്സിയാന്‍ പറഞ്ഞു.
ഇറാനും ഇസ്രയേലും തമ്മിലുളള സമാധാനം പുനസ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ പിന്നണിയില്‍ പുരോഗമിക്കുകയാണെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ പറഞ്ഞു. ഇറാനും ഇസ്രയേലും ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട്. അത് ഉണ്ടാക്കും എന്നാണ് ട്രംപ് കുറിച്ചത്.മുന്‍പ് ഇന്ത്യാ-പാക്കിസ്താന് സംഘര്‍ഷം ഉടലെടുത്തപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഡീല്‍ ഉണ്ടാക്കാന്‍ തന്റെ ഇടപെടല്‍ വിജയകരമായിരുന്നുവെന്ന അവകാശവാദത്തോടെയാണ് ട്രംപ് ഇക്കാര്യം പറയുന്നത്. 'ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒന്നിന്റേയും ക്രെഡിറ്റ് ലഭിക്കാറില്ല. കുഴപ്പമില്ല. ജനങ്ങള്‍ക്ക് മനസ്സിലാകും' എന്നും ട്രംപ് കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.