പള്ളുരുത്തി: ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ വാനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാർക്ക് റോഡിൽ വഴിയകത്ത് വീട്ടിൽ ആഷിഖി (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പിൽ വീട്ടിൽ ഷഹാനയെ (32) യും അവരുടെ ഭർത്താവ് ഷിഹാബി (39) നെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിൽ ഇൻസുലേറ്റഡ് വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. അപകടത്തിൽപ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാർ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.അവിടെ എത്തുമ്പോൾ മരിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്. പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെ, ഷഹാനയെയും ഭർത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഷഹാനയും ഷിഹാബും ചേർന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആഷിഖിന്റെ രണ്ട് തുടകളിലും കാൽപാദത്തിലും ആഴത്തിൽ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാർന്നൊഴുകിയാണ് ആഷിഖ് മരിച്ചത്.മാർക്കറ്റുകളിൽ മീൻ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇതറിഞ്ഞ ഷിഹാബ് ഷഹാനയെക്കൊണ്ട് ആഷിഖിനെതിരേ പോലീസിൽ പരാതി കൊടുപ്പിച്ചു. പോലീസ് ആഷിഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ 24 ദിവസം ജയിലിൽ കിടന്നു. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം ഷഹാനയുടെ നഗ്നചിത്രം തന്റെ കയ്യിലുണ്ടെന്നും അത് പരസ്യപ്പെടുത്തുമെന്നും ആഷിഖ് ഷഹാനയെയും ഷിഹാബിനെയും ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ഇയാളെ കൊലപ്പെടുത്താൻ കാരണമായതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓൺലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.