തിരുവനന്തപുരം: വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നു. മലയോരമേഖലയായ വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നല്കി. കേന്ദ്രാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎല്‍എ അറിയിച്ചു.
പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായാണ് തുരങ്കപാത നിര്‍മിക്കുന്നത്. കോഴിക്കോട്-വയനാട് നിര്‍ദിഷ്ഠ നാലുവരി തുരങ്കപാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.മെയ് 14, 15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് കള്ളാട്-മേപ്പാടി തുരങ്ക പാത വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. 60 ഉപാധികളോടെയാണ് അന്തിമ പാരിസ്ഥിതിക അനുമതി നല്‍കിയത്. തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഖനന സമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സിഎസ്ഐആര്‍, സിഐഎംഎഫ്ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കണം,
വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ പാലിക്കണം, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മിക്കണം, നിര്‍മാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം, പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവ വൈവിധ്യ സമ്പന്നമായതിനാല്‍ പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം,
അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിര്ധിഷ്ട പദ്ധതി പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരമായ നിരീക്ഷണം, കലക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ധസമിതി രൂപീകരിക്കണം, നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണം, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തണം അടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരുന്നത്.
മാര്‍ച്ചിലാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കിയത്. 25 വ്യവസ്ഥകളോടെയായിരുന്നു അനുമതി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തെ തുരങ്കപാത നിര്‍മ്മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശം നല്‍കിയിരുന്നു.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചതോടെ കരാര്‍ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. 2,134 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലീപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായുള്ള റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ ആദ്യമേ പൂര്‍ത്തീകരിച്ചിരുന്നു. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തോടെ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.