തെഹ്റാൻ: വെടിനിർത്തൽ നിർദ്ദേശങ്ങൾക്ക് പിന്നാലെ ഇറാന് പിന്തുണ അറിയിച്ച് ചൈന. ശാശ്വതമായ വെടിനിർത്തൽ കൈവരിക്കുന്നതിന് ഇറാനെ സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗാചിയെ അറിയിച്ചു.
വെടിനിർത്തൽ തീരുമാനത്തിന് പിന്നാലെ ഇരുനേതാക്കളും ടെലഫോണിൽ സംസാരിക്കവെയാണ് ചൈന ഇറാന് പിന്തുണ അറിയിച്ചത്. നേരത്തെ ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചതിനെതിരെ ചൈന രംഗത്ത് വന്നിരുന്നു. ഇറാന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിലും, ശാശ്വതമായ വെടിനിർത്തൽ കൈവരിക്കുന്നതിലും, ജനങ്ങളുടെ സാധാരണ ജീവിതം പുനഃസ്ഥാപിക്കുന്നതിലും, മധ്യപൂർവദേശത്തെ സംഘർഷങ്ങൾ കുറയ്ക്കുന്നതിലും ചൈന ഇറാനെ പിന്തുണയ്ക്കുന്നുവെന്ന് വാങ് അരാഗ്ചിക്ക് ഉറപ്പ് നൽകി.ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേലിന്റെയും അമേരിക്കയുടെയും അപകടകരമായ നടപടികൾ അന്താരാഷ്ട്ര നിയമത്തിൻ്റെ ഗുരുതരമായ ലംഘനമായിരുന്നു. ഇറാന് തിരിച്ചടിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്നും അരാഗ്ചി വാങിനോട് വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണെന്ന് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ചു. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ യഥാർത്ഥ ചർച്ചകൾ ആരംഭിക്കാൻ കഴിയൂ എന്നും അരാഗ്ചി ചൂണ്ടിക്കാണിച്ചു.ഇറാൻ്റെ നിയമാനുസൃതമായ നടപടികൾ ചൈന മനസിലാക്കിയതിലും പിന്തുണയ്ക്കുന്നതിലുമുള്ള നന്ദി അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രിയെ അറിയിച്ചു. ചൈനയുമായി ഏറ്റവും അടുത്ത ആശയവിനിമയം നിലനിർത്താനുള്ള ഇറാന്റെ സന്നദ്ധത അരാഗ്ചി ചൈനയെ അറിയിച്ചു. മധ്യപൂർവദേശത്ത് സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യം ചൈന ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ എത്രയും വേഗം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞിരുന്നു
ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേലിന് നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലും ഇറാനും വെടിനിർത്തൽ ധാരണ ലംഘിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇറാൻ്റെ മുകളിൽ ഇനി ബോംബുകൾ വർഷിക്കരുതെന്നും പൈലറ്റുമാരെ തിരിച്ചുവിളിക്കാനും ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ വെടിനിർത്തൽ ധാരണ അംഗീകരിച്ചതിന് പിന്നാലെ ഇറാൻ ആക്രമണം നടത്തിയതായി ഇസ്രയേൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇറാന് തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ട്രംപ് ഇസ്രയേലിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വന്നത്.ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ ട്രംപിൻ്റെ പ്രസ്താവന പുറത്ത് വന്നതിന് ശേഷവും ഇസ്രയേൽ ആക്രമണം തുടർന്നിരുന്നു. ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാർ സംവിധാനം ഇറാൻ ആക്രമിച്ചെന്ന് അൽ സുമരിയ ടി വി നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായിരുന്നു. ബലാദിൽ രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിലും ഇറാൻ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും എക്‌സിൽ കുറിച്ചിരുന്നു. അവസാന നിമിഷം വരെ ഇസ്രയേലിനെ ആക്രമിച്ചുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞിരുന്നു. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു വീണ്ടും ആക്രമണം അവസാനിപ്പിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനയുമായി അരഗ്ചി രംഗത്തെത്തിയത്.
എന്നാൽ പിന്നീട് വെടിനിർത്തൽ പ്രഖ്യാപനം അംഗീകരിക്കുന്നതായി ഇറാൻ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും അനുകൂലമായ പ്രതികരണം നടത്തിയിരുന്നു. പിന്നാലെ ഇറാൻ വെടിനിർത്തൽ ലംഘിച്ചതായും ഇസ്രയേലിൽ അക്രമണം നടത്തിയതും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് ഇസ്രയേൽ ഇറാനെ ആക്രമിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഇരുരാജ്യങ്ങളും വെടിനിർത്തൽ ലംഘിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിഷയത്തിൽ ട്രംപ് വീണ്ടും ഇടപെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.