മാനന്തവാടി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.
നിലമ്പൂരിലെ സ്വരാജിന്റെ പരാജയത്തെ ആഘോഷിച്ച വലതുപക്ഷത്തിന്റെ യുവനേതാക്കളും പഴയ സംഘപരിവാര്‍ പാരമ്പര്യമുള്ള നേതാക്കളും പ്രകടിപ്പിച്ച അസഹിഷ്ണുത മാത്രം മതി സ്വരാജ് എന്ന നേതാവിന്റെ രാഷ്ട്രീയ ശരികളെ എതിരാളികള്‍ എത്രമാത്രം ഭയപ്പെടുന്നുവെന്ന് മനസിലാക്കാനെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.തന്നെപ്പോലെയുള്ള അനേകം ഇടതുപക്ഷ പ്രവര്‍ത്തകരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഉരകല്ലാണ് സ്വരാജെന്നും ഇടതുപക്ഷത്തിനെ നെഞ്ചോടു ചേര്‍ത്തുവച്ച ഒരു ജനതയുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഉരകല്ലായി സ്വരാജ് പതിവിലധികം ശക്തിയോടെ ഉണ്ടാകുമെന്നും റഫീഖ് പോസറ്റിൽ കുറിച്ചു
തിരെഞ്ഞടുപ്പ് വിജയവും പാര്‍ലമെന്ററി സ്ഥാനമാനങ്ങളുടെ അലങ്കാരവുമല്ല ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അവസാനവാക്ക്. തിരഞ്ഞെടുപ്പ് തോല്‍വിയോടെ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും ഇല്ലാതാകുന്നില്ല. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക, അവരുടെ ജീവിതത്തെ ചേര്‍ത്ത് പിടിക്കുക അവരുടെ രാഷ്ട്രീയ ബോധ്യങ്ങളെ ശരിയായ നിലപാടിലൂടെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വത്തെ ഒരു ജയവും പരാജയവും മാറ്റിമറിക്കില്ല. അത് മനസ്സിലാക്കാന്‍ വലതുപക്ഷ ഡിഎന്‍എ രാഷ്ട്രീയത്തില്‍ പേറുന്നവര്‍ക്ക് കഴിയുമെന്ന് നിഷ്കളങ്കരെ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? ' റഫീഖ് ചോദിച്ചു. വര്‍ഗീയതയ്ക്കും ജനാധിപത്യ വിരുദ്ധമായ നിലപാടുകള്‍ക്കും എതിരെ പോരാടിയ സ്വരാജിന് അഭിവാദ്യങ്ങളും പോസ്റ്റില്‍ റഫീഖ് നേരുന്നുണ്ട്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ വിജയം. 77,737 വോട്ടുകളാണ് ആര്യാടന് ഷൗക്കത്ത് ആകെ നേടിയത്. എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു.ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷമാണെന്നായിരുന്നു ആര്യാടന് ഷൗക്കത്ത് പ്രതികരിച്ചത്. അവഗണനയേറ്റ നിലമ്പൂരുകാരുടെ വിജയമാണിതെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടന് ഷൗക്കത്തിന് അഭിനന്ദം അറിയിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പ്രതികരിച്ചത്. ആര്യാടന് ഷൗക്കത്തിന് മണ്ഡലത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നായിരുന്നു സ്വരാജ് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടതെല്ലാം ഉള്‍ക്കൊള്ളുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്നും ചോര്‍ന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നുമായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.