വാഷിംഗ്ടൺ: ഇറാനിലെ ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്ന യുഎസ് ഇൻ്റലിജൻസിൻ്റെ പ്രാഥമിക വിലയിരുത്തൽ നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്ത് വന്നു.
ഇറാൻ്റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്കൻ ആക്രമണം പരാജയപ്പെട്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് നേരത്തെ സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്ക നടത്തിയ ആക്രമണം ഇറാൻ്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും ഇറാൻ വളരെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ബാച്ചുകൾ ആക്രമണത്തിന് മുമ്പ് മാറ്റിയെന്നുമുള്ള പ്രാഥമിക റിപ്പോർട്ട് ഇൻ്റലിജൻസ് ഏജൻസി തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു സിഎൻഎന്നിൻ്റെ റിപ്പോർട്ട്.ഇറാൻ്റെ ആണവകേന്ദ്രങ്ങൾ പൂർണ്ണമായി തകർത്തെന്നും ഇറാന് ഇനി ആണവായുധങ്ങൾ നിർമ്മിക്കാൻ സാധിക്കില്ലെന്നുമുള്ള അമേരിക്കൻ പ്രസിഡൻ്റിൻ്റെ അവകാശവാദങ്ങളെ നിരാകരിക്കുന്നതായിരുന്നു സിഎൻഎൻ പുറത്ത് വിട്ട റിപ്പോർട്ട്. ഇറാനിലെ അമേരിക്കൻ ആക്രമണത്തെക്കുറിച്ചുള്ള ഇൻ്റലിജൻസ് വിലയിരുത്തലിൻ്റെ പേരിൽ അമേരിക്കയിൽ വാദപ്രതിവാദങ്ങൾ രൂക്ഷമാകുകയാണെന്നും റിപ്പോർട്ടുണ്ട്. സിഎൻഎൻ വാർത്തയോട് പ്രതികരിച്ചാണ് ഇന്റലിജൻസിൻ്റെ പ്രാഥമിക വിലയിരുത്തൽ പൂർണ്ണമായും തെറ്റാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്.'ആരോപിക്കപ്പെട്ട വിലയിരുത്തൽ പൂർണ്ണമായും തെറ്റാണ്. അത് അതീവ രഹസ്യമായി കണക്കാക്കിയിരിക്കുന്ന രേഖയാണ്. പക്ഷേ അത് സിഎൻഎന്നിന് ചോർന്നു. ഇപ്പോൾ ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നിവയ്ക്കും' എന്നായിരുന്നു വൈറ്റ്ഹൗസിൻ്റെ പ്രതികരണം. ആരോപിക്കപ്പെടുന്ന വിലയിരുത്തൽ ചോർത്തിയത് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ട ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണെന്നും വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി.
ഇതിനിടെ ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും യുദ്ധവിജയം അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. ഇസ്രയേലിനെതിരെ വിജയം നേടിയെന്ന് ആവകാശപ്പെട്ട് ഇറാനിൽ ആഹ്ളാദപ്രകടനം നടന്നു. ഇതിനിടെ ഇസ്രയേൽ നേടിയ വിജയം തലമുറകളോളം നിലനിൽക്കുമെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം. വെടിനിർത്തൽ ലംഘനം ഉണ്ടായാൽ ബലംപ്രയോഗിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേൽ അംബാസിഡർ ഡാനി ഡാനോൻ വ്യക്തമാക്കി. ഇതിനിടെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഖത്തറിൻ്റെ ഇടപെടലിന് ഇറാൻ്റെ യുഎൻ പ്രതിനിധി അമിർ സെയ്ദ് ഇരവാനി നന്ദി അറിയിച്ചു.
ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ജൂൺ 22-ന് പ്രഖ്യാപിച്ചിരുന്നു. വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഭൂഗർഭ ആണവ കേന്ദ്രമായ ഫൊർദോ തകർത്തെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ബി 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഫൊർദോ ആണവ കേന്ദ്രത്തിൽ ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചു എന്നായിരുന്നു അമേരിക്കയുടെ അവകാശവാദം. അമേരിക്ക ആക്രമിച്ച നദാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലേയ്ക്ക് അമേരിക്കൻ നാവിക സേനയുടെ അന്തർവാഹിനിയിൽ നിന്ന് 30 TLAM ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പുറമെ നദാൻസ് ആണവ കേന്ദ്രത്തിൽ ഒരു ബി 2 സ്റ്റെൽത്ത് 2 'ബങ്കർ ബസ്റ്റർ' ബോംബുകൾ പ്രയോഗിച്ചെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബാണ് ബങ്കർ ബസ്റ്റർ ബോംബ് എന്നറിയപ്പെടുന്നത്. 6,000 പൗണ്ട് സ്ഫോടകവസ്തുക്കളുള്ള 30,000 പൗണ്ട് ഭാരമുള്ള ഒരു ബോംബാണ് MOP
എന്നാൽ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച ഇറാൻ ഇവിടെയുള്ള ആണവ സാമഗ്രികൾ നേരത്തെ മാറ്റിയിരുന്നു എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്കൻ ആക്രമണത്തിൽ ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫൊർദോ സ്ഥിതി ചെയ്യുന്ന ക്വാം എന്ന പ്രദേശത്തെ ജനപ്രതിനിധിയായ മനൻ റൈസിയും വ്യക്തമാക്കിയിരുന്നു. ഭൂഗർഭ ആണവ സൈറ്റിലെ ആക്രമണം നടന്നത് ഉപരിതലത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പറയുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കേടുപാടുകൾ സംഭവിച്ചത് ഉപരിതലത്തിലാണ്. അത് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മനൻ റൈസി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.