നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണയുമായി എത്തിയവര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വരാജ് പറഞ്ഞു
എഴുത്തുകാരി കെ ആര്‍ മീര നിലപാട് പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണ്. നിലമ്പൂര്‍ ആയിഷയും ആക്രമിക്കപ്പെടുന്നു. സംസ്‌കാരം തൊട്ടുതീണ്ടിട്ടല്ലാത്ത വിധം യുഡിഎഫ് സൈബര്‍ ഹാന്‍ഡിലുകള്‍ അവരെ ആക്രമിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.കെ ആര്‍ മീരയെ എഴുതാന്‍ പോലും അനുവദിക്കില്ല എന്ന തരത്തിലാണ് ഭീഷണി വരുന്നതെന്നും സ്വരാജ് പറഞ്ഞു. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ഒന്നും നിങ്ങള്‍ ചെയ്തുകൂടാ എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് അവരുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള ചിലരുടെ പ്രതികരണം.നേതൃത്വം നേതൃത്വമാകണം. കെ ആര്‍ മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം അപലപനീയമാണെന്നും സ്വരാജ് പറഞ്ഞു. പുറമേ നിന്നുള്ള ചില കോണ്‍ഗ്രസുകാര്‍ നിലമ്പൂരിലേക്ക് വിഷം തയ്യാറാക്കിക്കൊണ്ടുവന്നിരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. വര്‍ഗീയമായ ചേരിതിരിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പൊക്കെ ഇപ്പോള്‍ കഴിയും. യുഡിഎഫിനെ പോലെ തിരിച്ച് പ്രതികരണം നടത്താന്‍ കഴിയില്ല. അതുകൊണ്ടാണ് പരാതി നല്‍കിയത്. ഹീനമായ പ്രചാരണ ശൈലികള്‍ ഉപേക്ഷിക്കണം.അത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കുവേണ്ടി ചിലരെ നിയോഗിച്ചിരിക്കുകയാണ്. സമൂഹത്തിന്റെ ഭാവിയെ കരുതി വിഷം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് പിന്തുണയുമായി കെ ആര്‍ മീരയും നിലമ്പൂര്‍ ആയിഷയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആര്‍ മീര പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് സോഷ്യൽ മീഡിയയിൽ ആദ്യം ആക്രമണം തുടങ്ങിയത്.
മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്നായിരുന്നു കെ ആര്‍ മീരയുടെ പ്രതികരണം. അവഹേളനവും സ്വാഭാവഹത്യയുമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്ന മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം സ്വരാജിനു നന്ദിയെന്നും കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ നിലമ്പൂർ ആയിഷ അടക്കമുള്ളവരും എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
ഇതിനിടെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നിലമ്പൂര്‍ ആയിഷ രംഗത്തെത്തിയിരുന്നു. 1950 കളിലാണ് തന്റെ നാടക പ്രവേശനമെന്നും അത് പാര്‍ട്ടിയെ വളര്‍ത്താന്‍ ഉള്ള നാടകങ്ങള്‍ കൂടിയായിരുന്നുവെന്നും പറഞ്ഞുകൊണ്ടായിരുന്നു ആയിഷയുടെ പോസ്റ്റ്. അന്നത്തെ കാലത്തെ പട്ടിണിയും അടിയും ഇടിയും ഏറ്റിട്ട് തളര്‍ന്നിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം കാര്യമാക്കുന്നില്ലെന്നുമായിരുന്നു ആയിഷ പറഞ്ഞത്. അന്നും ഇന്നും എന്നും 'ഈ തള്ളച്ചി' പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നും ആയിഷ വ്യക്തമാക്കിയിരുന്നു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനുശേഷം കെ സച്ചിദാനന്ദൻ, കെ ആർ മീര, റഫീക്ക് അഹമ്മദ് തുടങ്ങി നിരവധി സാഹിത്യകാരന്മാർ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണയർപ്പിച്ച് രംഗത്തെത്തിയിരുന്നു. അഭിമതനായ സ്വരാജ് ജയിക്കണമെന്നാണ് ആഗ്രഹമെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിന് പ്രത്യേകം അഭിനന്ദനമെന്നായിരുന്നു കെ ആർ മീര പറഞ്ഞത്. കാര്‍ട്ടൂണ്‍ വരച്ചാണ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ റഫീക്ക് അഹമ്മദ് പ്രതികരിച്ചത്.
പതിനാറാം നൂറ്റാണ്ടില്‍ ജനിച്ച പൂന്താനം നമ്പൂതിരി തന്റെ വോട്ട് അന്‍വറിന് എന്ന് പ്രഖ്യാപിക്കുന്നതാണ് കാര്‍ട്ടൂണ്‍. ''സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നു ചിലര്‍'' എന്ന വരികളും ഇതിലുൾപ്പെടുത്തിയിരിക്കുന്നു. അതിനിടെ സാഹിത്യകാരന്മാർ പരസ്യ രാഷ്ട്രീയ നിലപാട് പറഞ്ഞതിനെതിരെ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ്, എഴുത്തുകാരി സാറാ ജോസഫ് അടക്കമുള്ളവർ രംഗത്തെത്തിയുന്നു.
നിലമ്പൂരിൽ വോട്ടില്ലാത്തതിനാൽ കണ്ണീരൊഴുക്കുകയും വാവിട്ടു കരയുകയും ചെയ്യുന്ന എഴുത്തുകാരെ ഓർത്ത് പൊട്ടിക്കരഞ്ഞു പോകുന്നുവെന്നായിരുന്നു ഇതിന് പി എഫ് മാത്യൂസ് നൽകിയ മറുപടി. സ്വരാജ് വന്നാലും ഷൗക്കത്ത് വന്നാലും ബിജെപി വന്നാലും ഏമാന്‍മാര്‍ക്ക് ആശമാരുടേതുപോലെ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളായേ തോന്നില്ലെന്നായിരുന്നു സാറാ ജോസഫിന്റെ വിമർശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.