അമേരിക്കയെ ലക്ഷ്യം വെച്ചാൽ ഇറാൻ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന് മക്കോയ് പിറ്റ്.

ന്യൂയോർക്ക്: ഇറാൻ അമേരിക്കയെ ലക്ഷ്യം വെച്ചാൽ പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ മക്കോയ് പിറ്റ്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു മക്കോയ് പിറ്റ്.

സ്വയം പ്രതിരോധത്തിന് ആക്രമണം ആവശ്യമാണെന്ന് ഇസ്രായേൽ വ്യക്തമാക്കിയെന്ന് പറഞ്ഞ മക്കോയ് പിറ്റ് അമേരിക്കൻ പൗരന്മാരെയോ താവളങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ലക്ഷ്യം വച്ചാൽ ഇറാൻ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നും പശ്ചിമേഷ്യയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്നില്ലെന്നും ഉറപ്പാക്കാനുള്ള നീക്കം അമേരിക്ക തുടരുമെന്നും മക്കോയ് പിറ്റ് ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി. ഇറാൻ നേതൃത്വം ഈ സമയത്ത് ചർച്ച നടത്തുന്നത് ബുദ്ധിപരമായിരിക്കുമെന്നും അമേരിക്കയും ഇറാനും തമ്മിൽ നടക്കുന്ന ആണവ ച‍ർച്ചകളെ ചൂണ്ടിക്കാണിച്ച് പിറ്റ് പറഞ്ഞു. ഇറാനെതിരെ നടത്തുന്ന ആക്രമണത്തെക്കുറിച്ച് അമേരിക്കയെ മുൻകൂട്ടി അറിയിച്ചിരുന്നു എന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നിലപാട് മക്കോയ് പിറ്റ് ആവ‍ർത്തിച്ചു. എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ പക്ഷേ സൈനിക പങ്കാളിത്തം ഇല്ലെന്നും പിറ്റ് കൂട്ടിച്ചേ‍ർത്തു.

ഇതിനിടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രം​ഗത്തെത്തിയിട്ടുണ്ട്. ഇറാൻ ആണവകരാറിൽ ഒപ്പിടണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. യുദ്ധം ഉണ്ടാകുകയാണെങ്കിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക പറയുമ്പോഴും ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന നിലപാടിലാണ് ഇറാൻ. നേരത്തെ ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്ത് വന്നിരുന്നു. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നുമായിരുന്നു ട്രംപിൻ്റെ നിലപാട്. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇസ്രായേലിന്റെ നീക്കം മികച്ചതായിരുന്നു. അവർക്ക് കഠിനമായി, വളരെ കഠിനമായി തന്നെ തിരിച്ചടി ലഭിച്ചു. ഇനിയും ഒരുപാട് വരാനിരിക്കുന്നതേയുളളു'- എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിയൻ നേതൃത്വത്തെയും അദ്ദേഹം പരിഹസിച്ചു. 'ചില കടുംപിടുത്തക്കാർ ധൈര്യത്തോടെ സംസാരിച്ചു. പക്ഷെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. അവർക്കെല്ലാം ഇപ്പോൾ ജീവൻ നഷ്ടമായിക്കഴിഞ്ഞു. കാര്യങ്ങൾ ഇനിയും വഷളാകും' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാനും പക്ഷെ ട്രംപ് തയ്യാറായില്ല.

ഇതിനിടെ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘ‍ർഷം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നുവെന്ന ഭീതിയിലാണ് ലോകം. ഇന്നലെ പുലർച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇറാൻ്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലർച്ചെയും ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടുവെന്നും 320ഓളം പേർക്ക് പരിക്കേറ്റുവെന്നും ഇറാൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇറാനും രംഗത്ത് വന്നതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽഅവീവിലും ജറുസലേമിലും ഇറാൻ്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 40ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോ‍ർട്ട്.

ഇസ്രേയലിലെ ജെറുസലേമിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടെൽഅവീവിൽ ഇറാൻ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെതിരായ തിരിച്ചടിയ്ക്ക് പിന്നാലെ ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിൽ ജനങ്ങൾ ദേശീയ പതാകയേന്തി ആഹ്ലാദപ്രകടനം നടത്തി. ഇസ്രയേലിൻ്റെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നാണ് ഇറാൻ്റെ അവകാശവാദം. ഒരു ഇസ്രയേൽ പൈലറ്റിനെ പിടികൂടിയെന്നും റിപ്പോ‍ർട്ടുകളുണ്ട്. എന്നാൽ ഇസ്രയേൽ ഇത് നിഷേധിച്ചിട്ടുണ്ട്.

ഇറാൻ്റെ റെവല്യൂഷറി ​ഗാർഡ്സിൻ്റെ ആസ്ഥാനം വരെ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമിച്ചിരുന്നു. ഇറാൻ്റെ പ്രധാനപ്പെട്ട സൈനിക മേധാവികളും പ്രധാനപ്പെട്ട ആറ് ആണവശാസ്ത്രജ്ഞരുമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആയത്തൊള്ള ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവും മുൻനാവിക മേധാവിയും അമേരിക്കയുമായി ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന അലി ഷാംഖാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാൻ്റെ പരമോന്നത സൈനിക മേധാവി ജനറൽ മൊഹമ്മദ് ബാഗേരിയും കൊല്ലപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിന്റെയും രാജ്യത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെയും (ഐആർജിസി) മേൽനോട്ടം വഹിച്ചിരുന്നത് മൊഹമ്മദ് ബാഗേരിയാണ്. ബാഗേരിയുടെ മൂത്ത സഹോദരൻ ഹസനും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി, ഇറാൻ്റെ സായുധ സേനാ മേധാവി മുഹമ്മദ് ബ​ഗേരി, അറ്റോമിക് എനർജി ഓർഗനൈസേഷന്റെ മുൻ മേധാവി ഫെറെയ്ദൗൻ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സർവകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി അടക്കമുള്ളവ‍ർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോ‍‍ർട്ട്. ഇസ്രയേലിൻ്റെ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സൈന്യം ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പറഞ്ഞ ഖമേനി ഇസ്രയേലിന് ഈ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും പറഞ്ഞിരുന്നു. നീചരായ സയണിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിക്കുമെന്നും ആയത്തുള്ള ഖമേനി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാൻ സൈന്യം ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകളടക്കം ഉപയോഗിച്ച് ശക്തമായ തിരിച്ചടി നൽകി കൊണ്ടിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !