കണ്ണൂർ: കായലോട്ടെ യുവതിയുടെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരി എസിപിക്ക് പരാതി നൽകി കുടുംബം. ആൺ സുഹൃത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇയാളുമായുള്ള ബന്ധമെന്താണ് എന്നത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
യുവതിയുടെ ആൺസുഹൃത്തിനെ എസ്ഡിപിഐ ഓഫീസിൽവെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. പലകാര്യങ്ങളും ഇയാളോട് ചോദിക്കുന്നതും യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് മുമ്പ് യുവാവിന് മർദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവർത്തകർ നൽകുന്ന വിശദീകരണം. പ്രതികൾ എസ്ഡിപിഐ ഓഫീസിൽ ആൺസുഹൃത്തിനെയെത്തിച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തെന്ന് പൊലീസ് പറഞ്ഞിരുന്നു.റസീനയെ ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എംസി മൻസിലിൽ വി സി മുബഷീർ, കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ, കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്‌നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികിൽ ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഇവർ ചോദ്യം ചെയ്തിരുന്നു.ശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും മയ്യിൽ സ്വദേശിയായ ആൺ സുഹൃത്തിനെ അഞ്ച് മണിക്കൂറോളം കൂട്ടവിചാരണ നടത്തി മൊബൈൽ ഫോണും ടാബും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. അപ്പോഴും യുവാവിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. പ്രതികളിൽ നിന്ന് പിന്നീട് ഇവ രണ്ടും പൊലീസ് കണ്ടെത്തുകയായിരുന്നു
സംഭവം നടന്ന ദിവസം റസീന വിഷമത്തിലായിരുന്നുവെന്ന് പിതാവ് മുഹമ്മദ് റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോടും മിണ്ടുന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് തന്നോട് പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോൾ കുറെ പേർ അവിടെയുണ്ടായിരുന്നു എന്നാണ് വിവരമെന്നും പിതാവ് പറഞ്ഞു. പിടിയിലായവർ തങ്ങളുടെ ബന്ധുക്കൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.