തിരുവനന്തപുരം: തിരുവനന്തപുരത്ത് മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് വീട് ജപ്തി ചെയ്ത് സ്കൂള്‍ കുട്ടികളെയടക്കം പുറത്താക്കി വീട് പൂട്ടിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താനും ജീവിതത്തില്‍ പലതവണ ജപ്തി ഭീഷണി നേരിട്ടയാളാണെന്നും അവരുടെ വേദന തനിക്ക് പെട്ടെന്ന് മനസിലാകുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബം ധനകാര്യ സ്ഥാപനത്തില്‍ അടയ്ക്കാനുളള മുഴുവന്‍ വായ്പാ തുകയും അടയ്ക്കുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്നായിരുന്നു ഇടപെടല്‍. ഞാന്‍ ഒരു സ്ഥാപനത്തെയും കുറ്റം പറയില്ല. അവര്‍ക്ക് അവരുടേതായ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. അവര്‍ ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കുന്നതാണ്. അവരുടെ പലിശകളിലൊക്കെ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് അഭിപ്രായം. എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുളള പല കാര്യങ്ങളും പണ്ട് പറയുമ്പോള്‍ വലിയ സ്വീകാര്യതയുണ്ടായിരുന്നു.ഇന്ന് ഞാന്‍ സംഘിയായതുകൊണ്ട് എന്തുപറഞ്ഞാലും ഉടനെ വിമര്‍ശിക്കാന്‍ നില്‍ക്കുന്നവരാണ്. ഇങ്ങനെ ഒരു ജപ്തി ഭീഷണി കോടതിയില്‍ നിന്ന് എന്റെ അച്ഛന്റെ ലക്ഷ്മി ഫിലിംസ് എന്ന കമ്പനിയിലേക്ക് കയറി. നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് അച്ഛന് ചെന്നൈയില്‍ ഇരുന്നുകൊണ്ട് കോടതിയുമായി ബന്ധപ്പെട്ട് സ്റ്റേ വാങ്ങാന്‍ ശ്രമിക്കുന്നു. അപ്പോഴേക്കും ആമീൻ എത്തി ഓഫീസ് സീല്‍ ചെയ്യും എന്ന് പറഞ്ഞ സമയത്ത് അച്ഛന്റെ മാനേജര്‍ ബാലചന്ദ്രന് നായര്‍ ആമീന്‍ ബോര്‍ഡ് കാണിച്ചുകൊടുത്തു.ഓഫീസ് സമയം 9 മുതല്‍ 5 വരെയാണെന്ന്. ഇപ്പോള്‍ സമയം 5.10 ആയിരിക്കുന്നു. പുറത്തുപോകൂ എന്ന്. അന്ന് അദ്ദേഹം അവരെ പുറത്താക്കി ഷട്ടറിട്ട് താക്കോലുമായി പോയി. പിറ്റേന്ന് ശനിയാഴ്ച്ചയായിരുന്നു. അതില്‍ നിന്നൊക്കെ അതിജീവിച്ച് വന്നയാളാണ് ഞാന്‍. എന്റെ അച്ഛന് താമസിച്ചിരുന്ന ഞങ്ങളുടെ കുടുംബവീട് ജപ്തിയാകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഈ വേദന അതുകൊണ്ട് എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റും. ഇന്നലെ അവിടെ സ്ത്രീകളും കുട്ടികളും മഴയത്ത് പുറത്തിരിക്കുന്ന ദൃശ്യം കണ്ടത് വേദനയായി.'-സുരേഷ് ഗോപി പറഞ്ഞു.തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശി വിനോദിന്റെ വീടാണ് ഇന്നലെ വൈകുന്നേരത്തോടെ ജപ്തി ചെയ്തത്. മൂന്നര ലക്ഷം രൂപ ഇവര്‍ മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് വായ്പയെടുക്കുകയായിരുന്നു. ഇതില്‍ 50000 രൂപ കുടുംബം തിരിച്ചടച്ചിരുന്നു.എന്നാല്‍ റബ്ബര്‍ ടാപ്പിംഗd തൊഴിലാളിയായ വിനോദിന് ജോലിക്കിടയില്‍ വീണ് പരിക്കേറ്റിരുന്നു. പിന്നാലെ അടവ് മുടങ്ങി. ലൈഫില്‍ നിന്ന് കിട്ടിയ പണം വീട് വെക്കാന്‍ തികയാതെ വന്നപ്പോള്‍ ഇവര്‍ മൂന്നര ലക്ഷം രൂപ വായ്പ എടുക്കുകയായിരുന്നു. കുട്ടികളുടെ പാഠപുസ്തകങ്ങളും മാറാനുള്ള വസ്ത്രങ്ങളുമെല്ലാം വീട്ടില്‍ തന്നെ വെച്ചായിരുന്നു ജപ്തി. സംഭവം പുറത്തറിഞ്ഞതോടെ ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി വീട് തുറന്ന് നല്കി. വാതിലിന്റെ പൂട്ട് തകർത്താണ് കുടുംബത്തെ അകത്ത് കയറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.