ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ അവിസ്മരണീയ മുഹൂർത്തത്തിന് ഇനി മണിക്കൂറുകളുടെ മാത്രം അകലം. കാര്യങ്ങളെല്ലാം നിശ്ചിയിച്ച പോലെ നടന്നാൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01-ന് അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററിലെ 39എ ലോഞ്ച്പാഡിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തെയും വഹിച്ച് കുതിച്ചുയരും.
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരാണ് യാത്രാസംഘം. പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്കിംഗ് ചെയ്യാൻ ക്രമീകരിച്ച ഏകദേശ സമയം നാളെ വൈകിട്ട് 4.30നാണ്. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാൻഷു. നാസ, ഇസ്രോ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന ദൗത്യമാണ് ആക്സിയം- 4.ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ നാലാമത്തെ മിഷൻ. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണിത്. മൈക്രോ ഗ്രാവിറ്റിയിൽ 60ലേറെ പരീക്ഷണങ്ങളാണ് സംഘത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാൻഷു ശുക്ല പ്രത്യേകമായി ചെയ്യും. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ശുഭാൻഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരും.മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചു. ഇതിൽ ശുഭാൻഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉൾപ്പെടുന്നു. പ്രശാന്ത് നായരും ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാൻഷുവിന് സ്പേസ് എക്സും ആക്സിയം സ്പേസും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാൻഷു. അതുകൊണ്ട് തന്നെ ശുഭാൻഷുവിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.