കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണെന്ന് അതിജീവിതയുടെ പരാതി. മുഖ്യപ്രതിയായ മിശ്ര, മുൻ നിയമവിദ്യാര്‍ത്ഥിയും തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമാണെന്നും പരാതിയിൽ പറയുന്നു.
മന്‍ജോഹിത് മിശ്ര തന്നെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താൻ വിസമ്മതിക്കുകയായിരുന്നുവെന്നും അതിജീവിത നൽകിയ പരാതിയിൽ പറയുന്നു. കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളിൽ തന്നെ തടവിലാക്കുകയായിരുന്നുവെന്നും അതിജീവിത പറഞ്ഞു. ഒന്നാം വർഷ വിദ്യാർത്ഥികളായ 19 കാരനായ സായിബ് അഹമ്മദ്, 20 കാരനായ പ്രമിത് മുഖർജി എന്നീ രണ്ട് പേരുടെ സഹായത്തോടെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിജീവിത ആരോപിച്ചു.ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മുഖ്യപ്രതി നിർബന്ധിച്ചുവെന്നും അത് നിഷേധിച്ചപ്പോൾ അക്രമിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി. മുഖ്യപ്രതിയായ മിശ്രയുടെ കാലിൽ വീണു തന്നെ വിട്ടയക്കാൻ അപേക്ഷിച്ചു. തനിക്ക് കാമുകൻ ഉണ്ടെന്നും കാമുകനെ സ്നേഹിക്കുന്നുവെന്നും അവരോട് പറഞ്ഞിട്ടും പ്രതികൾ സമ്മതിച്ചില്ലയെന്നും ബലമായി സെക്യൂരിറ്റി ഗാർഡിന്റെ മുറിക്കുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നത്. ലോ കോളേജിലെ വിദ്യാര്‍ത്ഥികളായ മറ്റ് രണ്ട് പ്രതികൾ നോക്കി നിന്നുവെന്നും വിദ്യാർത്ഥിനി പറഞ്ഞു.ശ്വാസതടസ്സവും അനുഭവപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും അതിജീവിത പറഞ്ഞു. എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടും അവർ എന്നെ സഹായിച്ചില്ല. അവർ കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരുന്നതിനാൽ ഗാർഡിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലയെന്നും വിദ്യാർത്ഥിനി പറഞ്ഞു. ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും. സഹകരിച്ചില്ലെങ്കിൽ ഈ വീഡിയോകൾ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താൻ പോകാൻ ശ്രമിച്ചപ്പോൾ പ്രധാന പ്രതി ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു. 'എനിക്ക് നീതി വേണം' എന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. കൂടുതൽ അപകടമുണ്ടാകുമെന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഒടുവിൽ വൈകുന്നേരം തന്നെ പരിസരത്ത് നിന്ന് പുറത്തുപോകാൻ അനുവദിച്ചതെന്നും അതിജീവിത വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗത്തോടുള്ള വിശ്വസ്തത തെളിയിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും വിദ്യാർത്ഥിനി ആരോപിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതിന് മുമ്പ്, മറ്റ് ഏഴ് പേരോടൊപ്പം തന്നെ ക്യാമ്പസിനുള്ളിലെ യൂണിയൻ റൂമിലേക്ക് വിളിപ്പിച്ചുവെന്നും അവിടെ പ്രധാന പ്രതിയായ മോണോജിത് മിശ്ര യൂണിറ്റിനെക്കുറിച്ചും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും തന്റെ അധികാരത്തെക്കുറിച്ചും സംസാരിച്ചുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ മുഖ്യപ്രതിക്ക് തങ്ങളുടെ വിദ്യാർത്ഥി സംഘടനയുമായി ബന്ധമില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് അവകാശപ്പെടുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് 24 കാരിയായ പെൺകുട്ടി പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കാൻ കോളേജിൽ എത്തിയതെന്നാണ് കോളജ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ജൂണ്‍ 25-ന് രാത്രി 7.30 നും 10.50 -നും ഇടയിലാണ് ദാരുണ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളേജിൻ്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് കെട്ടിടത്തിനുളളില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്.അതിജീവിതയുടെ പ്രാഥമിക വൈദ്യപരിശോധന നടത്തി. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. മൂന്ന് പ്രതികളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ജൂലൈ ഒന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതേസമയം, സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സംഭവത്തിന് പൊലീസാണ് പൂര്‍ണ ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.