വാഷിങ്ടണ്‍: അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചുതന്നെ. ലോസ് ആഞ്ചലസില്‍ വിവിധയിടങ്ങളില്‍ ഇന്നലെയും വ്യാപക റെയ്ഡ് നടന്നു. പ്രക്ഷോഭകരെ അടക്കം ലോസ് ആഞ്ചലസില്‍ ഇന്നലെ 400 ഓളം പേരെയാണ് നാഷണല്‍ ഗാര്‍ഡും പൊലീസും അറസ്റ്റ് ചെയ്തത്. ഇതില്‍ 330 പേരെ കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതടക്കമുള്ള കുറ്റം ചൂണ്ടിക്കാട്ടി 157ഓളം പേരെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രക്ഷോഭത്തിനെതിരെയുള്ള നടപടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റതെന്ന് പ്രസ് ക്ലബ്ബിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.റെയ്ഡിന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസിനെ അനുഗമിക്കുന്നതിനായി ട്രംപ് ഭരണകൂടം കൂടുതല്‍ നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചു. ബുധനാഴ്ച അഞ്ഞൂറോളം നാഷണല്‍ ഗാര്‍ഡുകളെ കൂടി വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ റെയ്ഡിന്റെ ഭാഗമായി ആകെ വിന്യസിച്ചിട്ടുള്ള നാഷണല്‍ ഗാര്‍ഡുകളുടെ എണ്ണം നാലായിരം ആയി. എഴുന്നൂറ് മറൈന്‍ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ റെയ്ഡ് നടപടിക്കെതിരെ ലോസ് ആഞ്ചലസ് മേയര്‍ കാരന് ബാസ് ഇന്നലെയും രംഗത്തെത്തി. റെയ്ഡ് പ്രകോപനകരമാണെന്നായിരുന്നു കാരന് ബാസ് പറഞ്ഞത്. റെയ്ഡ് ജനങ്ങളെ ഭയപ്പെടുത്തുകയും പരിഭ്രാന്തരാക്കുകയും ചെയ്തതായും കാരന് ബാസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് എല്ലാം ശാന്തമായിരുന്നു. വെള്ളിയാഴ്ച റെയ്ഡ് ആരംഭിച്ചതോടെയാണ് സാഹചര്യങ്ങള്‍ കൈവിട്ടുപോയതെന്നും കാരന് ബാസ് പറഞ്ഞു.പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തിലായിരുന്നു കാരന് ബാസിന്റെ പ്രതികരണം.അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡറല്‍ ഏജന്‍സികളുടെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചലസില്‍ പ്രതിഷേധം കനത്തത്. ശനിയാഴ്ച ലോസ് ആഞ്ചലസിലെ പാരമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമായിരുന്നു സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.
ട്രംപ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയതോടെ പ്രതിഷേധം കനക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ ലോസ് ആഞ്ചലസില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ട്രംപ് ലോസ് ആഞ്ചലസിനെ തന്നെ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.