കൊച്ചി: കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ എംഎസ്സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കമ്പനി കാലതാമസം വരുത്തി
ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു.കഴിഞ്ഞ മാസം 24നായിരുന്നു കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3 അപകടത്തില്‍പ്പെട്ടത്. കപ്പല്‍ അപകടം ഇന്ത്യന്‍ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു. അപകടം കേരള തീരത്തെ ഇതിനകം ബാധിച്ചു. മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും കേന്ദ്രം വ്യക്തമാക്കി.തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ധനം നീക്കുന്നത് ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളില്‍ ഇന്ധനം നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലാത്തപക്ഷം ഇന്ത്യന്‍ നിയമപ്രകാരം നടപടിയെടുക്കും. അടിയന്തര നടപടിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നല്കി. കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് വാന്‍ ഹായ് കമ്പനിക്ക് കേന്ദ്രം നിര്‍ദേശം നല്കി.
സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. ദിവസങ്ങള്‍ ഇടവിട്ടായിരുന്നു കൊച്ചി, കോഴിക്കോട് പുറംകടലില്‍ രണ്ട് കപ്പല്‍ ദുരന്തങ്ങളുണ്ടാകുന്നത്. കൊച്ചിയില്‍ കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ലൈബീരിയന്‍ കപ്പല്‍ എംഎസ്സി എല്‍സ അപകടത്തില്‍പ്പെട്ടത്.വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അറുന്നൂറിലധികം കണ്ടെയ്നറുകളായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലെ 24 ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കപ്പല്‍ കമ്പനിയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയായും കപ്പല്‍ ജീവനക്കാരെ മൂന്നാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്
കൊച്ചി തീരത്തെ അപകടം നടന്ന് പതിനാല് ദിവസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയായിരുന്നു കോഴിക്കോട് പുറംകടലില്‍ സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 അപകടത്തില്‍പ്പെട്ടത്. കൊളംബിയയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ കപ്പലില്‍ തീപടരുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 18 പേര് തീപടര്‍ന്ന ഉടന്‍ കപ്പലില്‍ നിന്ന് കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടു. ഇവരെ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.നേവിയുടെ ഐഎന്‍എസ് സൂറത്തില്‍ ഇവരെ മംഗളൂരുവില്‍ എത്തിക്കുകയും ചെയ്തിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 157 ഓളം കണ്ടെയ്നറുകളില്‍ അത്യന്തം അപകടകരമായ രാസവസ്തുക്കള്‍ ഉള്ളതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാനിഫെസ്റ്റോയില്‍ വ്യക്തമാക്കിയിരുന്നു. കപ്പലിലെ തീ ഇപ്പോഴും പൂര്‍ണമായും അണച്ചില്ല. ഇതിനുള്ള നടപടികള്‍ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.