ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുക്കാത്തതിൽ പ്രതികരണവുമായി പേസർ ജസ്പ്രീത് ബുംമ്ര. ബിസിസിഐ തന്നെ ക്യാപ്റ്റനാക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നാണ് ബുംമ്രയുടെ വെളിപ്പെടുത്തൽ. എന്നാൽ ജോലിഭാരം കുറയ്ക്കുന്നതിനായി താൻ ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
ഓരോ പരമ്പരയിലും വ്യത്യസ്ത ക്യാപ്റ്റന്മാർ വന്നാൽ അത് ടീമിന് ഗുണം ചെയ്യില്ലെന്നും ബുംമ്ര പറഞ്ഞു. ഐപിഎല്ലിനിടെ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ബിസിസിഐയുമായി സംസാരിച്ചിരുന്നു. അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ എന്റെ ജോലിഭാരം എത്രത്തോളമാണെന്ന് ബിസിസിഐയുമായി ഞാൻ സംസാരിച്ചിരുന്നു. പരിക്കിന്റെ സമയത്ത് എനിക്ക് ചികിത്സ നൽകിയവരുമായും ഇക്കാര്യത്തിൽ ഞാൻ ചർച്ചകൾ നടത്തി.ജോലി ഭാരം കുറച്ച് നിർത്തുന്നത് എപ്പോഴും ശ്രദ്ധിക്കണമെന്നാണ് എല്ലാവരും എനിക്ക് നിർദ്ദേശം നൽകിയിരുന്നത്. ഒടുവിൽ ഞാൻ ഒരു തീരുമാനത്തിലെത്തി. ഞാൻ ബിസിസിഐയോട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം എനിക്ക് വേണ്ടെന്നും ജോലിഭാരം നിയന്ത്രിക്കേണ്ടതുണ്ടെന്നും അറിയിച്ചു.' സ്കൈസ്പോർട്സിൽ ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്കുമൊപ്പമുള്ള ഒരു അഭിമുഖത്തിൽ ബുംമ്ര പറഞ്ഞു.ക്യാപ്റ്റൻസിയുടെ കാര്യത്തിൽ താനുമായി ബിസിസിഐ കൃത്യമായ ആശയവിനിമയം നടത്തിയെന്നും ബുംമ്ര പറഞ്ഞു. 'ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി എന്നെയായിരുന്നു ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാൽ ക്യാപ്റ്റൻസിയിൽ നിന്ന് പിന്മാറിയത് ഞാനാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ, രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇവയിലെല്ലാം വ്യത്യസ്ത ക്യാപ്റ്റന്മാർ വരുന്നത് ഒരു ടീമിന് ഗുണം ചെയ്യില്ല. എപ്പോഴും എനിക്ക് ടീമാണ് വലുത്,' ബുംമ്ര വ്യക്തമാക്കി.ബുംമ്ര പിന്മാറിയതിന് പിന്നാലെ യുവതാരം ശുഭ്മൻ ഗില്ലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായത്. ഐപിഎല്ലിനിടെയായിരുന്നു മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കൽ പ്രഖ്യാപനം. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി കൂടി വിരമിച്ചതോടെ ഇന്ത്യയുടെ യുവനിരയാണ് ഇംഗ്ലണ്ടിൽ കളിക്കാനിറങ്ങുന്നത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.