നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികൾ ആവേശത്തിൽ, നാളെ കൊട്ടിക്കലാശം,ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച വോട്ടെടുപ്പ്.

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്.

യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് തങ്ങള്‍ ഒരുപടി മുന്നിൽ എന്നാണ് അവകാശപ്പെടുന്നത്. നിലമ്പൂർ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് മണ്ഡലം പിടിക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. സ്വരാജ് വന്നതോടെ എല്‍ഡിഎഫില്‍ ആവേശം ഉയര്‍ത്തിയെന്നാണ് എൽഡിഎഫിന്റെ പക്ഷം. സ്വരാജിന് വിജയ സാധ്യതയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. മുഖ്യമന്ത്രിയടക്കം എത്തി നടത്തിയ പ്രചാരണം വിജയ സാധ്യത വര്‍ദ്ധിപ്പിച്ചതായും അവര്‍ കരുതുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ പി വി അന്‍വര്‍ സോഷ്യല്‍ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് യൂസഫ് പഠാനെയും പ്രചാരണത്തിനിറക്കി. ക്രൈസ്തവ വോട്ടുകള്‍കൂടി ലക്ഷ്യംവെച്ചായിരുന്നു ബിജെപി നേതാവ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണം.

മലയോര മേഖലയായ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമായും ഉയര്‍ന്നുവന്നത് വന്യജീവി പ്രശ്‌നം തന്നെയായിരുന്നു. ശക്തമായ മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ അത് എല്‍ഡിഎഫ് ഏറ്റെടുത്തു. ഇതിനിടെ തന്നെയാണ് പിഡിപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും യുഡിഎഫ് അത് ഏറ്റെടുത്തതും. ഇതോടെ രാഷ്ട്രീയപ്പോര് മുറുകി. മണ്ഡലത്തിലെത്തിയ മുതിര്‍ന്ന നേതാക്കളെല്ലാം പരസ്പരം വിഷയം ഉയര്‍ത്തി പോര് മുറുക്കി. ക്ഷേമ പെൻഷനെതിരെയായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെൻഷൻ എന്നായിരുന്നു കെസിയുടെ പ്രസ്താവന. ഇതിനെതിരെ സിപിഐഎം നേതാക്കൾ ആഞ്ഞടിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചു എന്നായിരുന്നു ഇതിനോട് കെ സി പ്രതികരിച്ചത്.
വഴിക്കടവിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്ദുവിന്റെ മരണം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയപ്പോള്‍ കേസില്‍ പിടിയിലായ വഴിക്കടവ് സ്വദേശിയുടെ കോണ്‍ഗ്രസ് ബന്ധം ഉയര്‍ത്തിയാണ് സിപിഐഎം ഇതിനെ പ്രതിരോധിച്ചത്. ഒടുവില്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടത് പെട്ടി വിവാദമായിരുന്നു. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതായിരുന്നു ചര്‍ച്ചയ്ക്ക് വഴിവെച്ചത്. വിഷയം ഉയര്‍ത്തി യുഡിഎഫും തിരിച്ചടിച്ച് എൽഡിഎഫും പ്രചാരണത്തില്‍ നിറഞ്ഞു. മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും. എന്നാല്‍ അവസാന ഫലമറിയാന്‍ ഒരാഴ്ചകൂടി കാത്തിരിക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !