മങ്കൊമ്പ് : എസി റോഡിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമെന്നനിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി നടപ്പാക്കിയതാണ് എസി റോഡ് പുനരുദ്ധാരണം. വെള്ളംകയറില്ലന്ന അവകാശവാദവുമായാണ് റോഡു നിര്‍മാണം തുടങ്ങിയത്.
എന്നാല്‍, റോഡില്‍ പദ്ധതി പൂര്‍ത്തിയാകുന്ന ഘട്ടത്തിലുണ്ടായ മഴയില്‍ത്തന്നെ വെള്ളംകയറിയതോടെ സര്‍ക്കാരിനെതിരേയും പദ്ധതി നടപ്പാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരേയും കടുത്ത വിമര്‍ശനമാണുയരുന്നത്.
റീ ബില്‍ഡ് കേരളയില്‍പ്പെടുത്തി 671 കോടിരൂപ അനുവദിച്ച് നിര്‍മാണം തുടങ്ങിയ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 800 കോടിയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷ. 24 കിലോമീറ്ററുള്ള റോഡില്‍ ഏറ്റവും താഴ്ന്ന അഞ്ചിടങ്ങളില്‍ ഉയരപ്പാതയും മറ്റിടങ്ങളില്‍ റോഡുയര്‍ത്തി നിര്‍മിക്കുന്നതുമായിരുന്നു പദ്ധതി.
പദ്ധതിയുടെ പ്രാഥമികഘട്ടത്തില്‍ത്തന്നെ ആക്ഷേപവും വിമര്‍ശവുമുയര്‍ന്നിരുന്നു. ശരിയായ സര്‍വേ പ്രകാരമല്ല പദ്ധതി നിര്വഹണമെന്നതായിരുന്നു ആക്ഷേപങ്ങളിലൊന്ന്.പദ്ധതിരേഖയില്‍ ഏറ്റവും താഴ്ന്ന ഭാഗങ്ങളില്‍ ഉയരപ്പാത ഒഴിവാക്കിയതായും റോഡുയര്‍ത്തി നിര്‍മിക്കുന്നിടത്ത് ജലനിരപ്പ് അനുസരിച്ചുള്ള ഉയരം നല്‍കിയിട്ടില്ലെന്നുമായിരുന്നു ആക്ഷേപം.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പിന്നീട് നിര്‍മാണം നടന്നത്. ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി ജങ്ഷന്, പണ്ടാരക്കളം എന്നീ അഞ്ചിടങ്ങളിലാണ് ഉയരപ്പാത പണിതത്. ഇതില്‍ മങ്കൊമ്പിലെയും ഒന്നാംകരയിലെയും ഉയരപ്പാതകള്ക്കിടയില് മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലാണ് ഏറ്റവും കൂടുതല്‍ വെള്ളക്കെട്ടുള്ളത്.
കൂടാതെ പൂവ്വംമുതല് കിടങ്ങറവരെയുള്ള ഭാഗത്തും കോരവളവ്, പൂപ്പള്ളി എന്നിവിടങ്ങളിലും വെള്ളംകയറി. നേരത്തേ നാട്ടുകാരുയര്‍ത്തിയ ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.