പത്തനംതിട്ട : ‘‘ഹലോ, ഇത് പമ്പ പൊലീസാണ് വിളിക്കുന്നത്, നിങ്ങളുപയോഗിക്കുന്നത് ശബരിമലയിൽ നഷ്ടപ്പെട്ട ഫോണാണ്, അത് പമ്പ പൊലീസ് സ്റ്റേഷനിലേക്കു വേഗം അയയ്ക്കണം’’. പമ്പ പൊലീസ് സ്റ്റേഷനിലെ സൈബർ ഹെൽപ് ഡെസ്‌കിൽനിന്നു പല സംസ്ഥാനങ്ങളിലേക്കും പല ഭാഷയിലും ഇത്തരം കോളുകൾ കഴിഞ്ഞ കുറെ മാസങ്ങളായി നഷ്ടമായ ഫോണുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ മകരവിളക്ക് സീസണിൽ ശബരിമല ദർശനത്തിനെത്തിയവരിൽ മൊബൈൽ ഫോൺ നഷ്ടമായത് 230 പേർക്കാണ്. ഇവയിൽ 102 പേർക്ക് സ്വന്തം ഫോണുകൾ തിരികെ കിട്ടി. അതിന് അവർ നന്ദി പറയുന്നത് പൊലീസിനാണ്. മുൻ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിലാണ് തീർഥാടകരുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശപ്രകാരം സൈബർ ഹെൽപ്ഡെസ്ക് രൂപീകരിച്ചത്. ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി ഇന്റർനെറ്റ് കണക്‌ഷനുള്ള കൗണ്ടർ സജ്ജീകരിച്ച് സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സിഇഐആർ (സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി റജിസ്റ്റർ) പോർട്ടൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി.ഫോൺ നഷ്ടമായെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്ന ഭക്തരിൽനിന്നു വിവരങ്ങൾ ശേഖരിച്ച് സിഇഐആർ പോർട്ടലിൽ റജിസ്റ്റർ ചെയ്യും. ഉടൻ തന്നെ ആ മൊബൈൽ ഫോൺ ബ്ലോക്കാവും. പരാതിക്കാരൻ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു സന്ദേശമെത്തും. പോർട്ടൽ വഴി ബ്ലോക്ക് ചെയ്ത ഫോൺ ഏതെങ്കിലും മൊബൈൽ നെറ്റ്‌വർക്ക് വഴി ഓൺ ആയാൽ ആ നെറ്റ്‌വർക്ക് സർവീസ് പ്രൊവൈഡർ പോർട്ടൽ മുഖേന പരാതിക്കാരനും റജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറും. ആ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന നമ്പരിലേക്ക് സൈബർ ഹെൽപ്ഡെസ്കിലെ ഉദ്യോഗസ്ഥർ ഫോൺ ചെയ്തും നോട്ടിസുകൾ അയച്ചും കാര്യങ്ങൾ ധരിപ്പിക്കും. ഇത്തരത്തിൽ പമ്പ സ്റ്റേഷനിലേക്ക് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും അയച്ചുകിട്ടിയത് 102 ഫോണുകളായിരുന്നു. ഇവ യഥാർഥ ഉടമസ്ഥർക്ക് കൊറിയർ മുഖേന അയച്ചുകൊടുത്തു. മേയ് മാസത്തിൽ മാത്രം നടത്തിയ സ്പെഷൽ ഡ്രൈവിൽ ആറര ലക്ഷത്തോളം രൂപ വില വരുന്ന 25 ഫോണുകൾ തിരികെ ലഭിച്ചു.നഷ്ടപ്പെട്ട ഫോണുകൾ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതായി പോർട്ടലിലൂടെ കണ്ടെത്തി. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഫോണുകളും തിരികെ ലഭിച്ചത്. കളഞ്ഞുകിട്ടുന്ന ഫോണുകൾ സ്വന്തം നാട്ടിലുള്ള മൊബൈൽ കടകളിൽ വിൽക്കുകയാണ് പലരും ചെയ്യുന്നത്. ഇവ മറ്റൊരാൾ വാങ്ങി പുതിയ സിം ഇടുമ്പോൾ പൊലീസിന് അലർട് സന്ദേശം ലഭിക്കും. ഏറ്റവും കൂടുതൽ ഫോണുകൾ കണ്ടെത്തിയ കമ്പം, തേനി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും, സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
റാന്നി ഡിവൈഎസ്പി ജയരാജിന്റെ മേൽനോട്ടത്തിൽ പമ്പ എസ്എച്ച്ഒ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് സൈബർ ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. പമ്പ സ്റ്റേഷനിലെ പന്ത്രണ്ടോളം പൊലീസ് ഉദ്യോഗസ്ഥർ മേയ് മാസത്തിലെ സ്പെഷൽ ഡ്രൈവിൽ പങ്കെടുത്തു. പമ്പ പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒമാരായ സാംസൺ പീറ്റർ, സൂരജ് ആർ.കുറുപ്പ്, എസ്.ദിനേഷ്, സിപിഒമാരായ അരുൺ മധു, സുധീഷ്, എസ്.അരുൺ, ആർ.രാജേഷ്, അനുരാഗ്, സജീഷ്, രാഹുൽ, നിവാസ്, അനു എസ്.രവി എന്നിവർ അടങ്ങുന്ന പ്രത്യേക സംഘമാണ് സൈബർ ഹെൽപ്പ് ഡെസ്കിൽ പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.