കോഴിക്കോട് : ആഘോഷ സമയത്ത് നഗരത്തിലെത്തി ബസിലും തിരക്കുള്ള റോഡിലും കവർച്ചയും പോക്കറ്റടിയും നടത്തുന്ന സംഘത്തിലെ താമരശ്ശേരി അമ്പായത്തോട് സ്വദേശി ഒ.പി.ഷമീർ (47) കേരളത്തിലെ പോക്കറ്റടി സംഘത്തിന്റെ രാജാവാണെന്ന് പൊലീസ്.
പോക്കറ്റടി നടത്തുന്നതിനൊപ്പം വിവിധ സംഘങ്ങൾക്ക് വർഷങ്ങളായി പരിശീലനവും നൽകാറുണ്ട്. എങ്ങനെ പോക്കറ്റടിക്കാം, ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ സ്ഥലത്തുനിന്ന് രക്ഷപ്പെടാം തുടങ്ങിയ കാര്യങ്ങളാണ് ഷമീർ പഠിപ്പിച്ചിരുന്നത്. വലിയ ‘ശിഷ്യഗണത്തിന്റെ’ ഉടമയാണെന്ന് പൊലീസ് പറയുന്നു.
എറണാകുളം പള്ളുരുത്തി സ്വദേശി പിഡി റോഡ് പാലക്കൽ പി.വി.ജോയ് നിസാർ (67), തോട്ടുമുക്കം ചുണ്ടൻകുന്നൻ വീട്ടിൽ സി.കെ.ഹുസൈൻ (59), പുൽപള്ളി ആനപ്പാറ വാക്കയിൽ വി.എസ്.ബിനോയ് (50) എന്നിവരെയാണ് ഷമീറിനൊപ്പം നടക്കാവ് പൊലീസ് നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു 20,000 രൂപ കണ്ടെടുത്തു. കഴിഞ്ഞ ദിവസം ജില്ലാ ട്രഷറിയിൽ നിന്നു പെൻഷൻ വാങ്ങി വീട്ടിലേക്കു പോകാൻ ബസിൽ കയറിയ എരഞ്ഞിക്കൽ സ്വദേശിയും റിട്ട. എസ്ഐയുമായ വി.വി.ചന്ദ്രന്റെ ബാഗിൽ സൂക്ഷിച്ച പണം കവർന്ന പരാതിയിൽ അന്വേഷണം നടത്തവെയാണു പ്രതികൾ പൊലീസ് പിടിയിലായത്.
രാവിലെ 11.20 ന് സിവിൽ സ്റ്റേഷനിൽ നിന്നു ബസിൽ കയറി മലയാള മനോരമ ജംക്‌ഷനിൽ ഇറങ്ങിയപ്പോൾ പണം നഷ്ടപ്പെട്ടതായി അറിഞ്ഞു. നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. യാത്രയ്ക്കിടയിൽ ബസിൽ തിരക്കുണ്ടാക്കിയ ഒരാളുടെ മുഖം തിരിച്ചറിയാമെന്നു പരാതിക്കാരൻ പൊലീസിനെ അറിയിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്നു പൊലീസ് സിസിടിവിയും പഴയകാല കവർച്ചാ സംഘത്തിന്റെ വിവരവും ശേഖരിച്ചു. തിരക്കുള്ള കേന്ദ്രങ്ങളിൽ കവർച്ച നടത്തുന്നത് ശീലമാക്കിയ പ്രതി നിസാറിനെ കുറിച്ചു വിവരം ലഭിച്ചു. പ്രതികളിൽ ഒരാളെ ഇന്നലെ രാവിലെ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് മറ്റു 3 പേരെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.