പാലക്കാട്: പാർട്ടി മാറി സി.പി.എമ്മിൽ ചേർന്ന മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഫീസ് കയ്യേറി തകർത്ത കമാനം കോൺഗ്രസ് പ്രവർത്തകർ പുനഃസ്ഥാപിച്ചു. കൊടിമരത്തിൽ കോൺഗ്രസ് പതാകയും സ്ഥാപിച്ചു. പാലക്കാട് കോട്ടായിയിലാണ് സംഭവം.
കോൺഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് കെ. മോഹൻകുമാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പ്രാദേശിക നേതാക്കളും രാജിവെച്ച് സിപിഎമ്മിൽ ചേർന്നതിനു പിന്നാലെ കോൺഗ്രസ് കോട്ടായി മണ്ഡലം കമ്മിറ്റി ഓഫീസിൽ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ കടന്നുകയറി ഓഫീസിന് മുന്നിലെ കമാനം തകർത്തിരുന്നു. സംഘർഷത്തെത്തുടർന്ന്, തിങ്കളാഴ്ച ഉച്ചയ്ക്ക് പോലീസ് കെട്ടിടം പൂട്ടി മുദ്രവെച്ചിരുന്നു. എന്നാൽ, എല്ലാവരും പിരിഞ്ഞുപോയശേഷം മോഹൻകുമാറിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ സിപിഎം പ്രവർത്തകർ രാത്രി ഏഴരയോടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ ബോർഡ് തകർക്കുകയും ചെയ്തു. ഓഫീസിനകത്ത് ചുമരുകളിൽ എകെജിയുടെയും ഇഎംഎസിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും അടക്കം ഫോട്ടോകൾ ചുമരിൽ പതിക്കുകയും ചെയ്തു. മേശയിൽ സിപിഎം എന്ന് എഴുതിയ ബാനറും സ്ഥാപിച്ചു. സംഭവത്തിൽ സിപിഎം കുഴൽമന്ദം ഏരിയാ സെക്രട്ടറി അനിതാനന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന 100 പേർക്കെതിരേ കേസെടുക്കുമെന്ന് കോട്ടായി പോലീസ് പറഞ്ഞു.പോലീസ് പൂട്ടിയ കോൺഗ്രസ് ഓഫീസിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറിയതിനു പിന്നാലെ കോട്ടായിയിൽ രാത്രി വൈകിയും പ്രതിഷേധമുണ്ടായി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തടിച്ചുകൂടി. പ്രതിഷേധത്തിന് പിന്നാലെയാണ് കൊടിമരത്തിൽ കോൺഗ്രസിന്റെ പതാകയും പൊളിച്ചുമാറ്റപ്പെട്ട കമാനവും പുനഃസ്ഥാപിച്ചത്.
തിങ്കളാഴ്ച രാവിലെ സിപിഎമ്മിൽ ചേർന്ന കെ. മോഹൻകുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ വാടകക്കരാർ തന്റെ പേരിലാണെന്ന് പറഞ്ഞാണ് പ്രവർത്തകരുമായി സ്ഥലത്തെത്തിയത്. ഓഫീസിന് ചുവന്ന പെയിന്റടിക്കാനും സിപിഎമ്മിന്റെ കൊടി കെട്ടി ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. മണ്ഡലം പ്രസിഡന്റ് എന്ന നിലയിലാണ് മോഹൻകുമാർ കരാറുണ്ടാക്കിയതെന്നും വ്യക്തി എന്ന നിലയിലല്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 70 വർഷത്തോളമായി കോൺഗ്രസ് ഓഫീസായി തുടരുന്ന കെട്ടിടമാണിതെന്നും ഉടമയെ കബളിപ്പിച്ചാണ് മോഹൻകുമാർ വാടകക്കരാർ ഉണ്ടാക്കിയെടുത്തതെന്നും അവർ ആരോപിച്ചു. അഞ്ചു ദിവസം മുമ്പ് മാത്രമാണ് വാടകക്കരാർ ഒപ്പിട്ടത്.എന്നാൽ, രാഷ്ട്രീയപ്രവർത്തനത്തിനായി തന്റെ സ്വന്തം മേൽവിലാസത്തിലാണ് 11 മാസത്തേക്കുള്ള വാടകക്കരാറെന്നും വേണമെങ്കിൽ പരിശോധിക്കാമെന്നുമായിരുന്നു കെ. മോഹൻകുമാറിന്റെ നിലപാട്. തുടർന്നുണ്ടായ സംഘർഷത്തിൽ, സിപിഎമ്മിൽ ചേർന്ന ഒരു പ്രവർത്തകന്റെ തലയ്ക്ക് പരിക്കേറ്റു. കോൺഗ്രസിന്റെ കൊടിമരവും നശിപ്പിക്കപ്പെട്ടു. ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ലാത്തി വീശി പോലീസ് വിരട്ടിയോടിച്ചു.
തുടർന്നാണ് ആലത്തൂർ ഡിവൈഎസ്‌പി എൻ. മുരളീധരന്റെ നേതൃത്വത്തിൽ കെട്ടിടം പൂട്ടിയത്. ഉടമസ്ഥാവകാശം കാണിക്കുന്ന രേഖകൾ ഹാജരാക്കുന്നവർക്ക് കെട്ടിടം തുറന്നുനൽകുമെന്ന് പോലീസ് അറിയിച്ചു. അന്തിമ തീരുമാനമെടുക്കാൻ ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു. സിപിഎം പ്രവർത്തകർ പുറത്തിറങ്ങിയശേഷം പോലീസുകാർ ഓഫീസിന്റെ വാതിലടച്ച് പട്ടിക തറച്ചു. സംഭവത്തിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചതിൽ കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് കെ.എസ്. ജയഘോഷ് തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.