കൊച്ചി : ദൂരൂഹസാഹചര്യത്തിൽ കാലിൽ നിന്ന് രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം. കൊച്ചി പെരുമ്പടപ്പ് സ്വദേശി ആഷിക്കി (30)നെയാണ് ഇന്നലെ വൈകിട്ട് നിർത്തിയിട്ട വാനിന്റെയുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും ആഷിക്കിന്റെ സുഹൃത്തിന്റെ ഭർത്താവ് പള്ളുരുത്തി സ്വദേശി ശിഹാബ് (39) കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഭാര്യക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം നടത്തുകയാണെന്നും മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയൽ പറഞ്ഞു. വാനിൽ മീൻ വിതരണം നടത്തുന്ന ജോലിയായിരുന്നു ആഷിക്കിന്.
ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തു നിർത്തിയിട്ട ഇൻസുലേറ്റഡ് വാനിനകത്തെ മുൻസീറ്റിലാണ് ഇന്നലെ ആഷിക്കിനെ കാണപ്പെട്ടത്. തനിക്ക് അപകടത്തിൽ പരുക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക് വിളിച്ചെന്നും സ്ഥലത്തെത്തുമ്പോൾ താൻ കാണുന്നത് കാലിൽ നിന്ന് രക്തം വമിക്കുന്നതാണെന്നും പെൺസുഹൃത്ത് പൊലീസിനോട് പറഞ്ഞിരുന്നു. സുഹൃത്ത് സ്ഥലത്തെത്തിയപ്പോൾ തന്നെ ആഷിക് മരിച്ചിരുന്നു എന്നാണ് കരുതുന്നത്. യുവതി നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും യുവതി തന്നെ ആഷിക്കിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയുമായിരുന്നു.യുവതിയുമായി ആഷിക് അടുപ്പത്തിലായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കൊടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് കരുതിയിരുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കാലിൽ സ്വയം കുത്തി പരുക്കേൽപ്പിച്ചതു പോലെയായിരുന്നു മുറിവുകൾ. എന്നാൽ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ആഷിക്കിന്റെ കുടുംബം രംഗത്തെത്തി. തുടർന്ന് യുവതിയേയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യ സ്ഥലത്ത് എത്തുന്നതിനു മുമ്പു തന്നെ ശിഹാബ് ആഷിക്കിനെ കൊലപ്പെടുത്തി എന്നാണ് നിഗമനം. ഇരു കാലുകളുടെയും തുടകളിലും കാൽത്തണ്ടകളിലും ആഴത്തിൽ മുറിവേൽപ്പിച്ച് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.യുവതിയും ആഷിക്കുമായി അടുപ്പത്തിലായിരുന്ന കാര്യം ഭർത്താവിന് അറിയാമായിരുന്നു എന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഇതിലേറെ കാര്യങ്ങൾ സംഭവത്തിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. യുവതിയുമായി ആഷിക്ക് അടുപ്പത്തിലായിരുന്നു എന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആഷിക്ക് വഴങ്ങിയില്ല എന്നും പറയപ്പെടുന്നു. തുടർന്ന് ആഷിക്കിനെതിരെ യുവതി പൊലീസിൽ പരാതിപ്പെടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട് എന്നും നാട്ടുകാർ പറയുന്നു.കാലിൽ നിന്ന് രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം
0
ചൊവ്വാഴ്ച, ജൂൺ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.