കോട്ടയം: മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ അപേക്ഷാ പ്രവാഹം. 16 ദിവസംകൊണ്ട് 20,766 പേരാണ് അപേക്ഷിച്ചത്. ജൂൺ 30 വരെയാണ് അവസരം. പരിശോധനയിൽ ഇവർ അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ് കിട്ടും.
അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ സൂക്ഷ്മപരിശോധന നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അരലക്ഷത്തോളം അപേക്ഷകൾ സർക്കാർ പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 31-നകം നടപടി പൂർത്തിയാക്കും. മുൻഗണനേതര വിഭാഗങ്ങളായ നീല, വെള്ള കാർഡുള്ളവരാണ്, സാമ്പത്തികമായും സാമൂഹികമായും ദുർബലവിഭാഗങ്ങൾക്ക് അവകാശപ്പെട്ട പിങ്ക് കാർഡിലേക്ക് മാറാൻ അപേക്ഷ നൽകിയവരിലേറെയും. പിഎച്ച്എച്ച് അഥവാ മുൻഗണന വിഭാഗത്തിൽ 3.62 ലക്ഷം പിങ്ക് കാർഡുകളും 1.26 കോടി അംഗങ്ങളുമുണ്ട്.മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ, സാമ്പത്തികമായി മെച്ചമായ നിലയിലുള്ള 2.08 ലക്ഷം പേർ പിങ്ക് കാർഡുകളും 3168 പേർ മഞ്ഞകാർഡുകളും ഭക്ഷ്യവകുപ്പിന് മടക്കി നൽകിയിട്ടുണ്ട്. പിങ്ക് വിഭാഗത്തിലെ 2.08 ലക്ഷം പേരുടെ റേഷൻവിഹിതം ഇപ്പോഴും കിട്ടുന്നതിനാൽ പുതുതായി വരുന്നവർക്ക് വിഹിതം അനുവദിക്കാൻ പ്രയാസം വരില്ല. പുതിയ അർഹരായവർ ഈ ഒഴിവിലേക്ക് വന്നില്ലെങ്കിൽ കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.സാമ്പത്തികമായും സാമൂഹികമായും ദുർബലവിഭാഗങ്ങൾ പലതരം പിഴവുകൾകൊണ്ടാണ് മുൻഗണനേതര വിഭാഗത്തിൽപ്പെട്ടത്. മന്ത്രിമാർ വിവിധ ജില്ലകളിൽ നടത്തിയ അദാലത്തുകളിൽ ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നു. ദാരിദ്ര്യം ബോധ്യമാകുന്ന അപൂർവം സാഹചര്യങ്ങളിൽ, ഇത്തരം കുടുംബങ്ങളെ പിങ്ക് കാർഡിലേക്ക് മന്ത്രിയുടെ പ്രത്യേക ഉത്തരവുവഴി മാറ്റി. പിന്നീട്, പിങ്ക് കാർഡിന് അർഹരായ എല്ലാവരെയും അതിലേക്ക് എത്തിക്കാൻ പൊതുവായി അവസരം നൽകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.