മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ ഹിന്ദിപഠനം നിർബന്ധമാക്കിയ തീരുമാനത്തിൽനിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറുന്നു. വർധിച്ചുവരുന്ന പ്രതിഷേധത്തിനിടെ, ത്രിഭാഷാനയം നടപ്പാക്കുന്നതിനുള്ള ഉത്തരവുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ ഞായറാഴ്ച തീരുമാനിച്ചു.
ഭാഷാനയം മുന്നോട്ടുകൊണ്ടുപോകാനും നടപ്പാക്കാനുമുള്ള നിർദേശങ്ങൾ നൽകാൻ വിദ്യാഭ്യാസ വിദഗ്ധൻ നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മുംബൈയിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.ഇംഗ്ലീഷ്, മറാഠി മീഡിയം സ്കൂളുകളിൽ പഠിക്കുന്ന ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാംഭാഷയാക്കി ഏപ്രിൽ 16-ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എതിർപ്പുയർന്നതോടെ ഹിന്ദിയെ ഐച്ഛികഭാഷയാക്കി ഭേദഗതി ചെയ്ത് ജൂൺ 17-ന് മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു.
ഭാഷ അടിച്ചേൽപ്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് ഉദ്ധവ്
മുംബൈ : മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിർബന്ധിതമായി ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് ഉദ്ധവ് താക്കറെവിഭാഗം ശിവസേന.
പ്രൈമറിതലത്തിൽ ഹിന്ദി നിർബന്ധമാക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നീക്കത്തിനെതിരേ സർക്കാർ പ്രമേയം കത്തിച്ചുകൊണ്ട് പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അനുവദിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് മുൻ മന്ത്രിയും യുബിടി നേതാവുമായ ആദിത്യ താക്കറെ സാമൂഹിക മാധ്യമ പോസ്റ്റിൽ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പങ്കിട്ടു.ഹിന്ദി പ്രചരിപ്പിക്കുന്നതിന് പാർട്ടി എതിരല്ലെന്നും ഒരുഭാഷ അടിച്ചേൽപ്പിക്കുന്നതിനെയാണ് പാർട്ടി എതിർക്കുന്നതെന്നും മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറേ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.