തിരുവനന്തപുരം: കിണറ്റിൽ വീണ ആടിന് രക്ഷകരായി അഗ്നിരക്ഷാസേന. പൂങ്കുളം വടക്കേകര മേലെ പുത്തൻവീട്ടിൽ അനിയുടെ കിണറ്റിലാണ് പരിസരത്ത് മേഞ്ഞിരുന്ന ആട് കാൽ തെറ്റി വീണത്. കിണറിന് പരിസരത്ത് നിന്ന ആട് കിണറിന് മുകളിലെ വലയിലേക്ക് കയറിയതോടെ വലയടക്കം താഴേക്ക് പതിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണറിന് ഏകദേശം 120 അടിയോളം താഴ്ച്ചയുണ്ടായിരുന്നതിനാൽ രക്ഷിക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ വിഫലമായി. പിന്നാലെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
കിണറിന്‍റെ ചുവരിലാകെ കാട് പടർന്നതിനാൽ ഉള്ളിലേക്കുള്ള കാഴ്ചയ്ക്ക് വ്യക്തതയുണ്ടായിരുന്നില്ല. വിഴിഞ്ഞം യൂണിറ്റിൽ നിന്നെത്തിയ സേനാംഗങ്ങൾ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് ആടിനെ തിരികെ കരയിലെത്തിക്കാനായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ കിണർ അപകടാവസ്ഥയിൽ ആയതിനാൽ പുറത്തു നിന്നും ആടിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മണ്ണിടിച്ചിൽ സാധ്യത ഉള്ള കിണറിൽ ശ്വസന ഉപകരണത്തിന്‍റെ സഹായത്തോടെ ഇറങ്ങിയ ഓഫീസർ സന്തോഷ് കുമാർ ഏതാണ്ട് 80 അടിയോളം ഇറങ്ങിയപ്പോൾ കിണറിന്‍റെ കൈവരി ഇടിഞ്ഞ് ഉള്ളിലേക്ക് വീണത് വീട്ടുകാരിലും സേനാംഗങ്ങളിലും ആശങ്കയുളവാക്കി.മണ്ണിടിച്ചിൽ പലപ്പോഴും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും മനസാന്നിധ്യം കൈവിടാതെയുള്ള പ്രവർത്തനത്തിൽ പരിക്കുകളൊന്നുമില്ലാതെ ആടിനെ രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിൽ എത്തിച്ചു. വിഴിഞ്ഞം അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർമാരായ വി സി ഷാജി, വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.