നിലമ്പൂർ : 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ കലാശക്കൊട്ട് ചൊവ്വാഴ്ചയാണ്. സുരക്ഷാപരിമിതികൾ മുൻനിർത്തി എല്ലാ കക്ഷികൾക്കും പൊതുവായി ഒരു നഗരകേന്ദ്രത്തിൽ തന്നെ ഒരുമിച്ചുള്ള ശക്തിപ്രകടനത്തിന് ചൊവ്വാഴ്ച അവസരം നൽകാനിടയില്ല. എന്നാൽ കലാശക്കൊട്ടിനും മുൻപ് ഒരു വമ്പൻ ആവേശത്തിരയിളക്കത്തിനാണ് ഞായറാഴ്ച നിലമ്പൂർ മണ്ഡലം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കേ താരപ്രചാരകരുടെ ദിനമാണ് ഈ ഞായറാഴ്ച ഒരുക്കുന്നത്. രാവിലെ മുതൽ കനത്തുപെയ്യുന്ന മഴ പ്രചാരണത്തിലെ രസംകൊല്ലിയാകുമോ എന്ന ആശങ്കയിലാണ് ഇതിനിടെ മുന്നണികളിലെ പ്രചാരണസംഘാടകർ.
∙ മന്ത്രിപ്പട നയിച്ച് ‘ക്യാപ്റ്റൻ’എൽഡിഎഫ് പ്രചാരണത്തിന്റെ ക്യാപ്റ്റൻസി എറ്റെടുത്ത് രണ്ടു ദിവസമായി നിലമ്പൂരിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച പോത്തുകല്ല്, കരുളായി, അമരമ്പലം എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ഞായറാഴ്ച നിലമ്പൂരുകാർക്ക് എവിടെയും തൊട്ടടുത്ത് ഒരു മന്ത്രിസാന്നിധ്യം ലഭ്യമാകും. മന്ത്രിമാരായ വി.എൻ.വാസവൻ, പി.പ്രസാദ്, വി.അബ്ദുറഹിമാൻ, എം.ബി.രാജേഷ്, കെ.ബി.ഗണേഷ്കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, ഡോ.ആർ.ബിന്ദു, സജി ചെറിയാൻ എന്നിവരാണ് മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വൈകിട്ട് ആറിന് ചുങ്കത്തറയിൽ പൊതുയോഗത്തിൽ സംസാരിക്കും. ജോൺ ബ്രിട്ടാസ് എംപി രാവിലെ മൂത്തേടം പഞ്ചായത്തിലും ഉച്ചയ്ക്കു ശേഷം എടക്കരയിലും വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ രാവിലെ വഴിക്കടവ് പഞ്ചായത്തിലും ഉച്ചയ്ക്കു ശേഷം എടക്കര പഞ്ചായത്തിലും പ്രചാരണത്തിനെത്തും. കെ.ടി.ജലീൽ വഴിക്കടവ് പഞ്ചായത്തിലാകും പ്രചാരണത്തിനെത്തുക. രാവിലെ എടക്കര പഞ്ചായത്തിലും ഉച്ചയ്ക്കു ശേഷം വഴിക്കടവ് പഞ്ചായത്തിലുമാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം.
∙ താരപ്രചാരകയായി പ്രിയങ്കഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കേന്ദ്രങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടിയും ഞായറാഴ്ചയാണ്. മൂത്തേടം കാരപ്പുറത്തും നിലമ്പൂർ ചന്തക്കുന്നിലും പ്രിയങ്ക ആര്യാടൻ ഷൗക്കത്തിനായി വോട്ടു ചോദിക്കും. വൈകിട്ട് മൂന്നിന് മൂത്തേടത്തെ റോഡ് ഷോ കാരപ്പുറം മസ്ജിദ് ജംക്‌ഷൻ മുതൽ വില്ലേജ് ഓഫിസിന് മുൻവശം വരെയാണ്. വൈകിട്ട് നാലിന് നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ റോഡ് ഷോ കാളികാവ് റോഡ് ജംക്‌ഷൻ മുതൽ ചന്തക്കുന്ന് ബസ് സ്റ്റാൻഡ് വരെയും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം പാടിക്കുന്നത്ത് നിന്നാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണിജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഞായറാഴ്ച നിലമ്പൂരിലെ വിവിധ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കും.
∙ വികസിത നിലമ്പൂർ രൂപരേഖയുമായി എൻഡിഎഎൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ‘വികസിത നിലമ്പൂർ രൂപരേഖ’യുടെ പ്രകാശനമാണ് ഞായറാഴ്ച ബിജെപിയുടെ പ്രധാന പരിപാടി. നിലമ്പൂർ ചന്തക്കുന്നിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, മുതിർന്ന ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കും. കരുളായി പഞ്ചായത്തിലാണ് എൻഡിഎ സ്ഥാനാർഥിയുടെ ഞായറാഴ്ചത്തെ പര്യടനം.
∙ അൻവറിന് കരുത്തേകാൻ പഠാൻ
ഇടതുവലതു മുന്നണികൾക്കെതിരെ സ്വതന്ത്ര നിലപാടുമായി സ്വതന്ത്രനായി രംഗത്തുള്ള സ്ഥാനാർഥി പി.വി.അൻവറിന്റെ പുതിയ ഇന്നിങ്സിന് കരുത്തുപകരാൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പഠാൻ എംപിയാണ് നിലമ്പൂരിൽ ഞായറാഴ്ച പ്രചാരണ ക്രീസിലിറങ്ങുന്നത്. നിലമ്പൂർ മുതൽ വഴിക്കടവ് വരെയാണു അൻവറിനായി യൂസഫ് പഠാന്റെ റോഡ് ഷോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.