നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര് വിനോദ് വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂര്‍ മണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 9 ഫ്ലൈയിംഗ് സ്ക്വാഡുകള്‍, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകള്‍, രണ്ട് വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ചുള്ള നിര്‍ബന്ധിത നടപടികളാണിവ.
ജൂണ്‍ 11 ന് നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും റിട്ടേണിംഗ് ഓഫീസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു.
മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഈ ടീമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഓരോ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിലും ഒരു ഗസറ്റഡ് ഓഫീസറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഒരു സിവില്‍ പോലീസ് ഓഫീസറുമാനുള്ളത്. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ ജീവനക്കാര്‍ക്ക് നല്കിയ ചുമതലകളില്‍ വാഹനങ്ങളുടെ സമഗ്ര പരിശോധന ഉള്‍പ്പെടുന്നു. പരിശോധനാ പ്രക്രിയ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഈ നിര്‍ബന്ധിത പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും കളക്ടര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.